Leader Page
മദ്യവും മയക്കുമരുന്നുമടക്കമുള്ള ലഹരിക്കെതിരേയുള്ള പോരാട്ടം അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും വ്യാപനം തടയലും മാത്രമല്ല, ലഹരിയുമായി പൊരുതുന്ന മനുഷ്യരെ മനസിലാക്കാനും ചികിത്സയും പുനരധിവാസവും ശക്തിപ്പെടുത്താനും ലഹരിബാധിതരെ അപമാനത്തിന്റെയും ഒറ്റപ്പെടലിന്റെയും ഇരുട്ടിൽനിന്ന് പ്രത്യാശയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനുംകൂടിയുള്ളതാണ്.
ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ വിവിധ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലും മദ്യം, പുകയില, കഞ്ചാവ്, രാസലഹരികൾ, ഒപിയോഡുകൾ, ഉറക്കഗുളികകളുടെ ദുരുപയോഗം എന്നിവ വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
കേരളത്തിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ലഹരിയെക്കുറിച്ചുള്ള ചർച്ചകൾ പ്രധാനമായും മദ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. എംഡിഎംഎ, സിന്തറ്റിക് ലഹരിവസ്തുക്കൾ, ഓൺലൈൻ വഴിയുള്ള വിതരണ ശൃംഖലകൾ, സ്കൂൾ കോളജ് പ്രായക്കാരിലെ പരീക്ഷണാത്മക ഉപയോഗം എന്നിവ പുതിയ വെല്ലുവിളികളായി ഉയരുന്നു. ലഹരി ഇനി നഗരങ്ങളുടെ മാത്രം പ്രശ്നമല്ല; ഗ്രാമങ്ങളുടെയും കുടുംബങ്ങളുടെയും പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, ലഹരിയുടെ യഥാർഥ കഥ അക്കങ്ങളിൽ അല്ല; മനുഷ്യരുടെ ജീവിതങ്ങളിലാണ്. ചികിത്സാമുറിയിൽ ഇരുന്ന് രോഗികളുടെ കഥകൾ കേൾക്കുമ്പോൾ ഒരു കാര്യം വ്യക്തമായി മനസിലാകും. ലഹരി ഉപയോഗിക്കുന്നവരിൽ പലരും ആനന്ദം തേടുന്നവരല്ല; അവർ ആശ്വാസം തേടുന്നവരാണ്. ചിലർ ഏകാന്തതയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ചിലർ വിഷാദരോഗത്തിന്റെ ഇരുട്ടിൽനിന്ന് കുറച്ചുനേരമെങ്കിലും പുറത്തുകടക്കാൻ ആഗ്രഹിക്കുന്നു. ചിലർ ഉത്കണ്ഠയിൽനിന്ന് ഇടവേള തേടുന്നു. ചിലർ ഉറങ്ങാൻ കഴിയാത്ത രാത്രികളിൽ സമാധാനം അന്വേഷിക്കുന്നു. ചിലർ ജീവിതത്തിലെ പരാജയങ്ങളിൽനിന്ന് താത്കാലികമായി ഒളിച്ചോടാൻ ശ്രമിക്കുന്നു. ദൗർഭാഗ്യവശാൽ, ആദ്യം ആശ്വാസമായി തോന്നിയ കാര്യം പിന്നീട് പുതിയൊരു തടവറയായി മാറുന്നു.
ബാല്യകാല ആഘാതങ്ങൾ, കുടുംബത്തിലെ കലഹങ്ങൾ, ബന്ധങ്ങളുടെ തകർച്ച, വിഷാദരോഗം, ഉത്കണ്ഠ, സാമൂഹിക ഒറ്റപ്പെടൽ, ആത്മാഭിമാനക്കുറവ്, തൊഴിലില്ലായ്മ, ജീവിതത്തിലെ അർഥനഷ്ടം എന്നിവ പലപ്പോഴും ലഹരിയുടെ പിന്നിൽ കാണപ്പെടുന്നു. അതുകൊണ്ടാണ് ഒരു നല്ല ചികിത്സകൻ ലഹരിയെ മാത്രം ചികിത്സിക്കാതെ, ലഹരിയുടെ പിന്നിലെ മനുഷ്യനെയും അവന്റെ കഥയെയും കേൾക്കാൻ ശ്രമിക്കുന്നത്. പലപ്പോഴും ലഹരി രോഗത്തിന്റെ കഥ തുടങ്ങുന്നത് മയക്കുമരുന്നിൽ നിന്നല്ല; ഒരു മുറിവിൽനിന്നാണ്.
ഈ രോഗത്തിന്റെ ഏറ്റവും നിശബ്ദ ഇരകൾ പലപ്പോഴും കുട്ടികളാണ്. അവർക്ക് സംഭവിക്കുന്നതിന്റെ മുഴുവൻ അർഥം മനസിലാകണമെന്നില്ല; പക്ഷേ, വീട്ടിലെ ഭയം അവർ അനുഭവിക്കും. ചിലർ പഠനത്തിൽ പിന്നോട്ടു പോകും. ചിലർ മിണ്ടാതാകും. ചിലർ കോപിഷ്ഠരാകും. ചിലർ വളർന്നുകഴിഞ്ഞ് അതേ വഴിയിലേക്ക് വഴുതിപ്പോകാനുള്ള അപകടസാധ്യത നേരിടും. അതുകൊണ്ടാണ് ലഹരിയെ പല വിദഗ്ധരും കുടുംബരോഗം എന്നു വിളിക്കുന്നത്.
ചികിത്സിക്കാവുന്ന രോഗം
ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാടിൽ ലഹരി ഒരു മോശം ശീലമോ ധാർമിക പരാജയമോ മാത്രമല്ല; രോഗനിർണയ മാനദണ്ഡങ്ങളുള്ള ഒരു മെഡിക്കൽ അവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് -11 പ്രകാരം ആശ്രിതത്വം രൂപപ്പെട്ടാൽ വ്യക്തിക്ക് ലഹരി ഉപയോഗിക്കാനുള്ള ശക്തമായ ആഗ്രഹം അനുഭവപ്പെടാം. ഉപയോഗം നിർത്തണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചാലും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് വരാം. ആരോഗ്യത്തിലും കുടുംബത്തിലും ജോലിയിലും പഠനത്തിലും ദോഷം സംഭവിക്കുന്നതായി അറിഞ്ഞിട്ടും ഉപയോഗം തുടർന്നേക്കാം. അതേ അനുഭവം ലഭിക്കാൻ കൂടുതൽ അളവ് ആവശ്യമായി വരാം. ഉപയോഗം നിർത്തുമ്പോൾ ശരീരവും മനസും അസ്വസ്ഥമാകാം. ഇവ സ്വഭാവത്തിലെ ബലഹീനതയുടെ അടയാളങ്ങളല്ല; രോഗത്തിന്റെ ലക്ഷണങ്ങളാണ്.
മനുഷ്യന്റെ തലച്ചോറിൽ സന്തോഷവും പ്രചോദനവും പ്രതിഫലവും നിയന്ത്രിക്കുന്ന ഒരു സംവിധാനമുണ്ട്. കുടുംബസ്നേഹം, സൗഹൃദം, പ്രാർഥന, കായികപ്രവർത്തനം, കല, നേട്ടങ്ങൾ, ആത്മീയാനുഭവങ്ങൾ എന്നിവയിലൂടെ ഈ സംവിധാനം സ്വാഭാവികമായി പ്രവർത്തിക്കുന്നു. എന്നാൽ, ലഹരിവസ്തുക്കൾ തലച്ചോറിന് അപകടകരമായ ഒരു ‘ഷോർട്ട്കട്ട്’ നൽകുന്നു. ഡോപ്പമിൻ എന്ന ന്യൂറോ കെമിക്കൽ അസാധാരണമായി വർധിപ്പിച്ച് അവ കൃത്രിമമായ ആനന്ദം സൃഷ്ടിക്കുന്നു. ആനന്ദം വാഗ്ദാനം ചെയ്ത വസ്തു പിന്നീട് ശരീരത്തെയും മനസിനെയും നിയന്ത്രിക്കാൻ തുടങ്ങുന്നു. ചില ലഹരികൾ പെട്ടെന്ന് നിർത്തുമ്പോൾ ഫിറ്റ്സ്, വിറയൽ തുടങ്ങിയ ഗുരുതരാവസ്ഥകൾ വരെ ഉണ്ടാകാം. അതുകൊണ്ടുതന്നെ ലഹരി ഉപേക്ഷിക്കൽ പലപ്പോഴും വൈദ്യപരിപാലനത്തിൽ നടത്തേണ്ട ചികിത്സാപ്രക്രിയയാണ്.
സത്യവും മിഥ്യയും
‘മനസുവച്ചാൽ മതി’ എന്ന വാചകം ചികിത്സാമുറിയിൽ പലപ്പോഴും കേൾക്കാറുണ്ട്. മനോബലം തീർച്ചയായും പ്രധാനമാണ്. മനോബലം ചികിത്സയ്ക്ക് സഹായകവുമാണ്; പക്ഷേ, ചില ഘട്ടങ്ങളിൽ മനോബലം മാത്രം ചികിത്സയാകില്ല. ലഹരിയിൽനിന്ന് വേർപെടുത്തുക എന്നത് ശരീരത്തെയും മനസിനെയും സുരക്ഷിതമായി കൈപിടിച്ചിറക്കേണ്ട പ്രക്രിയയാണ്; അതിക്രമത്തിലൂടെയോ അപമാനത്തിലൂടെയോ ചെയ്യേണ്ട കാര്യമല്ല. ‘വീണ്ടും ഉപയോഗിച്ചാൽ ചികിത്സ പരാജയപ്പെട്ടു’ എന്ന ധാരണയും കുടുംബങ്ങളെ തളർത്തുന്ന മറ്റൊരു മിഥ്യയാണ്. പ്രമേഹവും രക്തസമ്മർദവുംപോലെ അഡിക്ഷൻ പലർക്കും ദീർഘകാല നിയന്ത്രണം ആവശ്യമായ രോഗമാണ്. വീണ്ടും വഴുതിവീഴൽ സംഭവിക്കാം. അത് ചികിത്സയുടെ അവസാനമല്ല; ചികിത്സാ പദ്ധതിയെ വീണ്ടും ശക്തിപ്പെടുത്തേണ്ടതിന്റെ സൂചനയാണ്. ‘മരുന്ന് കഴിച്ചാൽ മറ്റൊരു ലഹരിയാകും’ എന്ന ഭയവും ചിലർക്കുണ്ട്. ഡോക്ടറുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായി നൽകുന്ന മരുന്നുകൾ രോഗമുക്തിക്ക് സഹായിക്കാനാണ്.
ചികിത്സയെന്നത് ലഹരി നിർത്താനുള്ള ഒരു ഗുളിക നൽകുന്നതല്ല. ലഹരി ചികിത്സ ഒരു യാത്രയാണ്. ആദ്യഘട്ടത്തിൽ രോഗിയെ സുരക്ഷിതനാക്കുകയാണ് പ്രധാന ലക്ഷ്യം. ചിലർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ വേണം. ചിലർക്ക് പുറത്തുനിന്നുള്ള ചികിത്സ മതിയാകും.
SUNDAY DEEPIKA
കണ്ണൂർ ശ്രീകണ്ഠപുരം കോട്ടൂർവയലിലെ ഞാറോലിക്കൽ ബിൻസി എന്ന വീട്ടമ്മയുടെ ജീവിതം പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് എങ്ങനെ പുഞ്ചിരിയോടെ നേരിടാം എന്നതിന്റെ മനോഹരമായ ഒരു പാഠപുസ്തകമായി കരുതാം. മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ 20 വർഷത്തോളമായി ബിൻസിയുടെ സഞ്ചാരം അതിജീവനത്തിന്റെ കരുത്തുറ്റ പാതയിലാണ്.
സൺഡേ ദീപികയോട് അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ ബിൻസിയുടെ വാക്കുകളിൽ തെളിയുന്നത് തളരാത്ത പോരാട്ടവീര്യവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും. ഏതൊരു സാധാരണക്കാരനെയും തളർത്താൻപോന്ന സാഹചര്യങ്ങളെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച ബിൻസി എന്ന വീട്ടമ്മ ഇന്ന് ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു നാടിന്റെതന്നെ അഭിമാനമായി മാറിയിരിക്കുന്നു.
നിനച്ചിരിക്കാതെ തിരിച്ചടികൾ
ജീവിതത്തിന്റെ മനോഹരമായ യാത്രയ്ക്കിടയിലാണ് അപ്രതീക്ഷിതമായ ചില ആരോഗ്യ മാറ്റങ്ങൾ ഈ കുടുംബാംഗങ്ങളെ തേടിയെത്തിയത്. സ്കൂൾ നൃത്തവേദികളിൽ സജീവമായിരുന്ന മൂത്തമകൾ അഞ്ജലിക്ക് നാലാം ക്ലാസിൽ പഠിക്കുമ്പോൾ മസ്കുലാർ ഡിസ്ട്രോഫി എന്ന അവസ്ഥ നേരിടേണ്ടിവന്നു.
മകളുടെ കാലുകളുടെ ചലനശേഷി കുറഞ്ഞുവരുന്ന യാഥാർഥ്യത്തെ ബിൻസിയും ഭർത്താവ് സണ്ണിയും ഒളിച്ചോടാതെ അഭിമുഖീകരിച്ചു. ഈയൊരു ഘട്ടത്തിൽനിന്ന് കരകയറാൻ ശ്രമിക്കവേയാണ് 2009 സെപ്റ്റംബർ 12ന് സണ്ണിക്ക് സ്ട്രോക്ക് വരുന്നത്. മൂന്നുമാസത്തോളം ആശുപത്രിവാസം. അങ്ങനെയിരിക്കെയാണ് സണ്ണി ഇനി നടക്കില്ലെന്നും ജോലിക്കുപോകാൻ സാധിക്കില്ലെന്നുമുള്ള യാഥാർഥ്യം ബിൻസി തിരിച്ചറിഞ്ഞത്.
വീടിന്റെ നിർമാണം പാതിവഴിയിൽ നിൽക്കുകയാണ് അന്ന്. മൂന്നു മക്കളുടെ പഠനം, ഭർത്താവിന്റെയും മകളുടെയും ചികിത്സ... എല്ലാം ഒരുമിച്ചു കൈകാര്യം ചെയ്യേണ്ട വലിയ ഉത്തരവാദിത്വം ബിൻസിയുടെ ചുമലിലായി. എന്നാൽ, ബിൻസി പതറാതെ മുന്നിൽ നിന്നു. സ്വന്തം കുടുംബത്തിൽ നിന്നും സണ്ണിയുടെ കുടുംബത്തിൽ നിന്നും ലഭിച്ച മാനസികമായ പിന്തുണ ഈ യാത്രയിൽ വലിയ കരുത്തായി.
കലയുടെ കൈപിടിച്ച് അഞ്ജലി
ശാരീരികമായ പരിമിതികൾ അഞ്ജലിയുടെ സർഗാത്മകതയെ ബാധിച്ചില്ല. മകളുടെ ഓരോ കഴിവുകളെയും ബിൻസി ചേർത്തുപിടിച്ചു. സംഗീതത്തിലും കീബോർഡിലും തുടങ്ങിയ അഞ്ജലിയുടെ താത്പര്യം ശാരീരിക മാറ്റങ്ങൾക്കനുസരിച്ച് പിന്നീട് ചിത്രരചനയിലേക്കു വഴിമാറി. ആദ്യം വിരസത മാറ്റാൻ വരച്ചുതുടങ്ങിയ അഞ്ജലി പിന്നീട് അക്രിലിക് പെയിന്റിംഗിലേക്കും ഗ്രാഫിക് ഡിസൈനിംഗിലേക്കും ചുവടുവച്ചു.
യൂട്യൂബും ഓൺലൈൻ ക്ലാസുകളും പ്രയോജനപ്പെടുത്തി അഞ്ജലി ആർജിച്ചെടുത്ത ചിത്രകലാ വൈഭവം ഇന്ന് ലോകം അംഗീകരിക്കുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. ഇറ്റലിയിലെ ടാർസോയിൽ വരെ അഞ്ജലിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു എന്നത് ഈ കുടുംബം നടത്തിയ പോരാട്ടത്തിന്റെ വിജയത്തിനു തെളിവ്.
കലയിൽ മാത്രമല്ല, അക്കാദമിക് രംഗത്തും അഞ്ജലി മികവുപുലർത്തി. കൊമേഴ്സിൽ ബിരുദാനന്തരബിരുദം നേടി ടെക്നോപാർക്കിൽ ഉൾപ്പെടെ ജോലിചെയ്തു. ഇപ്പോൾ ഡിജിറ്റൽ ആർട്ട് മേഖലയിൽ സ്വതന്ത്രമായി ജോലി ചെയ്യുന്നു. ഇതിനിടെ ബംഗളൂരു ഇന്ത്യൻ ഇൻക്ലൂഷൻ ഫൗണ്ടേഷന്റെ ആർട്ട് ഫെലോഷിപ്പിനും അഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു.
അമ്മ എന്ന കരുതൽ
അഞ്ജലിയുടെ ഈ വളർച്ചയ്ക്കുപിന്നിൽ ബിൻസി എന്ന അമ്മയുടെ നിരന്തരമായ പ്രോത്സാഹനവും ശുശ്രൂഷയുമുണ്ട്. മറ്റു മക്കളായ അബിൽ കാനഡയിലും ആഷ്ലി യുകെയിലും ഉയർന്ന ജോലികളിൽ പ്രവേശിച്ചു.
വീടിന്റെ നിർമാണം പൂർത്തിയാക്കണമെന്ന ലക്ഷ്യവും മക്കളെ നല്ല നിലയിൽ എത്തിക്കണമെന്ന ആഗ്രഹവും ബിൻസി സഫലമാക്കി. വീട്ടുജോലികൾക്കും ഭർത്താവിനും മകൾക്കും നല്കുന്ന ശുശ്രൂഷകൾക്കും ഇടയിലും ഗാർഡനിംഗും ക്രാഫ്റ്റിംഗും പുതിയ പാചകരീതികളും അഭ്യസിക്കുന്ന ബിൻസി, നിരന്തരമായ സ്വയം നവീകരണത്തിലൂടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നു. യൂട്യൂബിൽനിന്ന് പുതിയ കാര്യങ്ങൾ പഠിച്ച് അത് തന്റെ കുടുംബത്തിനുവേണ്ടി പ്രാവർത്തികമാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഭർത്താവിനും മകൾക്കും തണലായി എപ്പോഴും ബിൻസി കൂടെയുണ്ട്.
ഇവരുടെ ഒരോ ആവശ്യങ്ങളും കൊച്ചുകുഞ്ഞുങ്ങളെന്നപോലെ കരുതി നിറവേറ്റുന്നു. ""ഞങ്ങളെ അമ്മയുടെ സ്വന്തം ശരീരത്തിന്റെ ഭാഗങ്ങൾപോലെയാണ് നോക്കി പരിപാലിക്കുന്നത്''- അഞ്ജലിയുടെ ഈ വാക്കുകൾ ബിൻസി എന്ന കരുത്തുറ്റ സ്ത്രീയുടെ ജീവിതവിജയത്തിന്റെ സാക്ഷ്യപത്രമാണ്.
പ്രശ്നങ്ങളെനോക്കി സങ്കടപ്പെട്ടിരിക്കാതെ, മുന്നിൽ ഇനി എന്ത് ചെയ്യാൻ സാധിക്കും എന്ന പോസിറ്റീവായ ചിന്തയാണ് ബിൻസിയെ നയിച്ചത്. കുടുംബം നൽകുന്ന സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ ഏതു തകർച്ചയിൽനിന്നും വിജയകരമായി ഉയിർത്തെഴുന്നേൽക്കാൻ സാധിക്കുമെന്നാണ് മാതൃദിനത്തിൽ ബിൻസിയുടെ ജീവിതം ഓർമപ്പെടുത്തുന്നത്.
Kerala
തൃശൂർ പൂരം പിറന്ന കഥ ഇങ്ങനെ...
ഇന്നിപ്പോൾ ഏറ്റവും ചർച്ചചെയ്യുന്ന തൃശൂർ പൂരത്തിന്റെ ഉദ്ഭവത്തിനു പിന്നിൽ ഒരു അപമാനത്തിന്റെ കഥയും തുടർന്നുള്ള വാശിയുമാണെന്ന കാര്യം എത്രപേർക്കറിയാം ! ചുക്കാൻപിടിച്ചത് ചരിത്രത്തിൽ വീരപരിവേഷമുള്ള, കൊച്ചിരാജാവായിരുന്ന സാക്ഷാൽ ശക്തൻ തമ്പുരാനും.
എഡി 1751 മുതല് 1805 വരെയാണ് സ്വന്തം പേരിനെ അന്വർഥമാക്കിയ ശക്തന്തമ്പുരാന്റെ ജീവിതകാലം. ശക്തന് തമ്പുരാന് മരിക്കുന്നതിന് ഏഴുവര്ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. നഗരത്തെ വികസിപ്പിക്കാനുള്ള ശക്തന്റെ തന്ത്രമായും പൂരത്തെ കാണാം.
എതിർക്കാൻ വന്ന വെളിച്ചപ്പാടിനെവരെ കൊന്നു തേക്കിൻകാട് വെട്ടിവെളുപ്പിച്ചു പൊതുജനങ്ങൾക്ക് സൗകര്യംചെയ്തുകൊടുത്ത രാജാവാണ് ശക്തൻ. ഏകദേശം 200 വര്ഷത്തിലേറെ ചരിത്രമുള്ള തൃശൂര് പൂരത്തിന് ആറാട്ടുപുഴ ദേവസംഗമമായും ബന്ധമുണ്ട്. അല്ലെങ്കിൽ ആറാട്ടുപുഴ പൂരത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.
ശക്തന്റെ കാലത്ത് ദക്ഷിണകേരളത്തില്, മീനമാസത്തിൽ നടക്കുന്ന ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളില്നിന്നും ദേവതകള് എത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില് പങ്കെടുക്കാനെത്തുമെന്നാണ് വിശ്വാസം.
ശക്തമായ കാറ്റും പേമാരിയും നിമിത്തം 1796ലെ പൂരത്തിനു പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾ ആറാട്ടുപുഴയിലെത്താൻ വൈകി.
അതുകൊണ്ട് അന്നത്തെ ആറാട്ടുപുഴ പൂരം നടത്തിപ്പുകാരായ പ്രമാണിമാർ ഇവരെ പൂരത്തിൽ പങ്കടുപ്പിച്ചില്ല. സംഭവമറിഞ്ഞ് കോപിഷ്ഠനായ തമ്പുരാൻ വടക്കുന്നാഥനെ ആസ്ഥാനമാക്കി അടുത്തമാസത്തെതന്നെ പൂരം നാളിൽ (971 മേടം / 1796 മേയ്) തൃശൂർ പൂരം ആരംഭിച്ചു.
തൃശൂർ പൂരം തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളായി തിരിഞ്ഞ് മത്സരാടിസ്ഥാനത്തിൽ നടത്തണമെന്നും തമ്പുരാൻ വ്യവസ്ഥചെയ്തു. അതിനുള്ള ചടങ്ങുകളും അദ്ദേഹം നിർദേശിച്ചു. ആവശ്യമായ ധനം ജനങ്ങളിൽനിന്നു പിരിച്ചെടുക്കണമെന്നു ഉത്തരവിട്ടതും ശക്തനാണത്രെ.
കാലം കഴിഞ്ഞപ്പോൾ ആറാട്ടുപുഴ പൂരത്തേക്കാൾ ആവേശവും ആകർഷണവും ജനത്തിരക്കും തൃശൂർ പൂരത്തിനായി എന്നത് വസ്തുത.
NRI
ഡാളസ്: അമേരിക്കയിൽ സർഗവാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992ൽ ഡാളസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായ മലയാള കവി മനയിൽ ജേക്കബ് 2021ൽ അന്തരിച്ചു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിന്റെ സ്മരണാർഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു.
2024ല് നമ്മെ വിട്ടുപിരിഞ്ഞ കെഎൽഎസിന്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്കാരവും കഴിഞ്ഞ വര്ഷം മുതല് നല്കി വരുന്നു.
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള് മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്, സോഷ്യല് മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
രചനകള് മതസ്പര്ദ്ധ വളര്ത്തുന്നതോ കക്ഷി രാഷ്ട്രീയപരമായതോ വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും, നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമായിരിക്കും.
അവാര്ഡ് പ്രഖ്യാപനം കെഎല്എസ് ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓണ്ലൈന് മാധ്യമങ്ങളിലും മേയ് 31ന് പ്രസിദ്ധീകരിക്കും. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള് റ്റൈപ്പ് ചെയ്ത് പിഡിഎഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്ക്കേണ്ടതാണ്.
ഒരാളില് നിന്നു ഒരു കവിത / കഥ മാത്രമേ മല്സരത്തിനായി സ്വീകരിക്കുകയുള്ളൂ. കൃതികള് സമര്പ്പിക്കേണ്ട അവസാന തിയതി 2026 ഏപ്രിൽ 30. അയക്കേണ്ട വിലാസം: Email : [email protected].
പൊതുനിബന്ധനകൾ
1. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളം ഏഴുത്തുകാർക്ക് മാത്രം ഇതിൽ പങ്കെടുക്കാവുന്നതാണ്.
2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
3. രചനകൾ മതസ്പര്ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയ പരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
4. മലയാള കവിതയും കഥയുമാണ് പരിഗണിക്കപ്പെടുന്നത്.
5. മുൻ വർഷങ്ങളിൽ അയച്ചു തന്ന കൃതി ഈ വർഷം സ്വീകരിക്കുന്നതല്ല.
6. മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെ എൽ എസ്സ് കമ്മറ്റി മെംബർമാരും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹരല്ല.
7. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും. നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമാണ്.
8. അവാർഡ് പ്രഖ്യാപനം കെ. എൽ. എസ് ഫേസ്ബുക്ക് പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കുന്നതാണ്.
9. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ റ്റൈപ്പു ചെയ്ത് പി.ഡി.എഫ് ആയി ഇമെയിലിലൂടെ അയയ്ക്കേണ്ടതാണ്.
10. പ്രത്യേക പേജിൽ പേരും അഡ്രസ്സും ടെലിഫോൺ നമ്പരും ഇമെയിൽ അഡ്രസ്സും മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം.
11. ഒരാളിൽ നിന്നു ഒരു കവിത / കഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.
12. കഥ എട്ടു പേജിലും, കവിത രണ്ടു പേജിലും കവിയാൻ പാടില്ല.
13. സൃഷ്ടികൾ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 2026 ഏപ്രിൽ 30
14. കൃതികൾ അയക്കേണ്ട വിലാസം: Email : [email protected].
കൂടുതൽ വിവരങ്ങൾ കെഎൽഎസ് സെക്രട്ടറി ബാജി ഓടംവേലിയിൽ (915 613 6566) നിന്നും ലഭിക്കും എന്ന് കേരള ലിറ്റററി സൈസൈറ്റി ഡാളസിനു വേണ്ടി അനശ്വരം മാമ്പിള്ളി (പ്രസിഡന്റ്), ബാജി ഓടംവേലി (സെക്രട്ടറി), ഡോ. ദർശന മനയത്ത് (കൺവീനർ) എന്നിവർ അറിയിച്ചു.
Kerala
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചുവെന്ന വാദം പൊളിയുന്നു. കരിനീല വസ്ത്രം ധരിച്ച് മന്ത്രിയുടെ സമീപം നിന്നത് ഗൺമാൻ എം.എസ്. അഭിലാഷ് ആണെന്ന് വീഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞു.
ഇതോടെ, പ്രതിഷേധത്തിനിടെ കറുത്ത തുണികൊണ്ട് മന്ത്രിയുടെ കഴുത്തിന് മുറുക്കിയെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വാദം പൊളിഞ്ഞു.
മന്ത്രിയെ കെഎസ്യു പ്രവര്ത്തകര് ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്പ്പിച്ചു എന്നായിരുന്നു എഫ്ഐആറിലെ ആരോപണം. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര് കറുത്ത തുണികൊണ്ട് മന്ത്രിയുടെ കഴുത്തില് മുറുക്കിയെന്ന് എം.വി. ജയരാജന് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് പരിശോധിക്കുമ്പോള്, മന്ത്രിയുടെ തൊട്ടുപിന്നാലെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഒരാള് ഓടുന്നത് കാണാം. ഇത് മന്ത്രിയെ സംരക്ഷിക്കാന് ഓടിയെത്തുന്ന ഗണ്മാന് അഭിലാഷാണെന്ന് ദൃശ്യങ്ങളില് നിന്ന് വ്യക്തമാണ്.
ഇടത് സൈബര് വിംഗുകള് ഈ ദൃശ്യങ്ങള് ഉപയോഗിച്ച് പ്രതിഷേധക്കാര് മന്ത്രിയെ മര്ദിച്ചുവെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല് ഗണ്മാന് മന്ത്രിയെ സുരക്ഷിതയാക്കാന് ശ്രമിക്കുകയാണെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
മാത്രമല്ല, പ്രതിഷേധക്കാര് മന്ത്രിക്ക് അരികിലേക്ക് ഓടിയെത്തിയെങ്കിലും ദൃശ്യങ്ങളില് എവിടെയും മന്ത്രിയെ നേരിട്ട് മര്ദിക്കുന്നതോ കഴുത്തിന് പിടിക്കുന്നതോ കാണാന് സാധിക്കുന്നില്ല.
വീണാ ജോര്ജിനെ കണ്ണൂര് റെയില്വേ സ്റ്റേഷനില് കെഎസ്യു പ്രവര്ത്തകര് ആക്രമിക്കുന്ന വീഡിയോ ദൃശ്യം വ്യക്തമായില്ലെന്ന് റെയില്വേ സുരക്ഷാസേനയും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള് ഇല്ലെന്ന് കണ്ടെത്തിയത്.
മന്ത്രി വീണാ ജോര്ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എന്നാൽ, മന്ത്രിയുടെ കഴുത്തും കൈയും കെഎസ്യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു.
കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ കൈയിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഇതിനിടെ, മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് നൽകിയാൽ ഒരു പവൻ സ്വർണം നൽകുമെന്ന് പ്രഖ്യാപിച്ച് യൂത്ത്കോൺഗ്രസും രംഗത്തെത്തി.
അതേസമയം, കേസിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അഞ്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ റിമാൻഡിലാണ്.
SUNDAY DEEPIKA
വാളുകളുടെ ശീൽക്കാരവും ജനക്കൂട്ടത്തിന്റെ ഗർജനവും ഒന്നിച്ചുചേർന്നിരുന്ന വേദി... വിനോദത്തിന് രക്തത്തിന്റെ നിറംപൂണ്ടിരുന്ന ഇടം... റോമിലെ കൊളോസിയം. ഗർജനങ്ങളകന്ന് രക്തമുണങ്ങി മറ്റേതോ നിർമിതികൾക്കായി കല്ലുകൾ എടുത്തുകൊണ്ടുപോയി അവശേഷിക്കുന്ന നിർമിതി. അകത്തളങ്ങളുടെ വീരപരിവേഷമായിരുന്നില്ല ആകർഷണം. ഓർമവന്നത് ടിവിയും മൊബൈലും ഒന്നും പ്രചാരത്തിലാവാതിരുന്നകാലത്ത് മധ്യവേനൽ അവധിദിനങ്ങളെ അർഥപൂർണമാക്കാൻ വായിച്ചിരുന്ന ചിത്രകഥാ പുസ്തകങ്ങളാണ്.
സഹാനുഭൂതിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ആൻഡ്രോക്ലിസ് എന്ന അടിമയും, തന്നെ കാർന്നുതിന്നിരുന്ന മുള്ളുതറച്ച വേദനയിൽനിന്ന് രക്ഷിച്ചതിന് നന്ദിസൂചകമായി വർഷങ്ങൾക്കിപ്പുറം ആയിരങ്ങളെ സാക്ഷിയാക്കി കൊളോസിയത്തിനു നടുവിൽവച്ച് അദ്ദേഹത്തെ സ്നേഹപൂർവം പുണർന്ന സിംഹവും! എന്തൊരനുഭവം!!
സഹജീവികളോടുള്ള കരുണ മനസിലുറപ്പിച്ചുവച്ചത് കൊളോസിയത്തിലെ ഈ കഥയാണ്. ഏതുസമയത്തും ജനസഹസ്രങ്ങൾ ഒഴുകിയെത്തുന്ന ഈ ലോകാത്ഭുതം മായുംമുന്പ് ഒരിക്കൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതുവരെ അതൊരു സ്വപ്നംമാത്രമായിരുന്നു. അകത്തളങ്ങളിൽ ഭൂമിക്കടിയിലെ ഇരുണ്ട ഇടനാഴികളിൽനിന്ന് ഇപ്പോഴും ഗദ്ഗദങ്ങൾ കേൾക്കുന്നുണ്ടോ..
ഒരുവേള എത്രയുംവേഗം അതിനുള്ളിൽനിന്ന് ഓടിപ്പോരണമെന്നു തോന്നി. വൃത്താകൃതിയിൽ ചുറ്റിപ്പിണഞ്ഞ ഇരിപ്പിടങ്ങൾക്കിടയിൽ ചക്രവർത്തിമാരുടെ ഉഗ്രശാസന ഇപ്പോഴും വട്ടംകറങ്ങുന്നുണ്ട്. മടങ്ങുന്പോൾ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി. ഉഗ്രപ്രതാപകാലം വെറും കൽക്കൂനകളായി പരിണമിക്കാൻ കാലം മാറുകയേ വേണ്ടൂ!
റോമൻ ഫോറത്തിൽ
ഒരുകാലത്ത് ജനാധിപത്യത്തിന്റെ ശ്വാസവും നിയമത്തിന്റെ നടുവേദിയും ആയിരുന്ന ഇടം- റോമൻ ഫോറം. അഗ്നിപടർന്നപ്പോൾ തടഞ്ഞുനിർത്താനാവാതെ അടിയറവു പറയേണ്ടിവന്ന ആ ഇടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നു. വർഷങ്ങൾക്കുമുമ്പ് റോമാസാമ്രാജ്യം കൈവരിച്ചിരുന്ന വാസ്തുശില്പ നൈപുണി അദ്ഭുതപ്പെടുത്തുന്നു.
രണ്ടായിരംവർഷം വെയിലും മഴയുമേറ്റിട്ടും കാലാതിവർത്തിയായ ഒരു സൃഷ്ടി- റോമൻ പാന്തെയോൺ. മധ്യത്തിലെ ഓക്കുലസ്. ഓട്ടയടച്ചിട്ടില്ലാത്ത ആകാശത്തിന്റെ കണ്ണുവഴി സൂര്യകിരണങ്ങൾ താഴെ പ്രാർഥനയായി പതിക്കുന്ന മനോഹര കാഴ്ച! വിവരണാതീതം എന്ന ചെറുവാക്കുകൊണ്ടു മാത്രമേ അതിനെ വിശേഷിപ്പിക്കാനാവൂ. ആ കൂറ്റൻ തൂണുകൾക്കു താഴെ നിൽക്കുന്ന ഉറുമ്പുകൾപോലെയുള്ള മനുഷ്യരെ കാണുമ്പോൾ ഓർത്തുപോകേണ്ടതും അതുതന്നെയാവണം- എത്ര ചെറുതാണ് മനുഷ്യൻ!
പാന്തെയോൺ പിന്നിട്ട് റോമിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ ഒരു ലെമൺ സോർബറ്റും രുചിച്ച് എത്തിച്ചേർന്നത് കൗതുകം പകരുന്ന മറ്റൊരു കാഴ്ചയിലേക്കാണ്. സമുദ്രദേവന്റെ ശില്പത്തിനുചുറ്റുമുള്ള മനോഹരമായ പാറക്കൂട്ടങ്ങളിൽനിന്ന് ഒഴുകിവരുന്ന വെള്ളത്തിലേക്ക് നാണയങ്ങൾ പിന്നോട്ട് തിരിഞ്ഞെറിയുന്ന ഒരാൾക്കൂട്ടത്തിലേക്ക്. ഫൊന്താനാ ദി ത്രേവി. ഒരു നാണയം തിരിഞ്ഞുനിന്ന് എറിഞ്ഞ് ഒരിക്കൽക്കൂടി റോമിലേക്കുവരാമെന്ന നിശബ്ദ വാഗ്ദാനവുമായി റോമിൽനിന്ന് വത്തിക്കാനിലേക്ക്..
മനുഷ്യനും ദൈവവും
ഒരു വിളിപ്പാടകലെ അതിരുകളില്ലാത്ത ഒരു കൊച്ചു-വലിയ രാജ്യം- വത്തിക്കാൻ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽനിന്ന് ബസിലിക്കയുടെ വാതിലിലൂടെ ഉള്ളിലേക്ക്. പ്രാർഥനയും ചുറ്റുമുള്ള മഹത്തായ കലാസൃഷ്ടികളും ഒരേസമയം ഹൃദയംതൊടുന്നു. മാർപാപ്പയെ തെരഞ്ഞെടുക്കുന്നത് അറിയിക്കാൻ വെള്ളപ്പുക ഉയരുന്ന കുഴൽ എവിടെയെന്നായിരുന്നു എന്റെ അന്വേഷണം. വായിച്ചറിഞ്ഞ കാര്യങ്ങളുടെ ഉറവിടങ്ങൾ തേടിയാണല്ലോ എന്റെ ഇത്തവണത്തെ യാത്ര.
വത്തിക്കാൻ മ്യൂസിയത്തിലൂടെ നടന്നപ്പോൾ ഭിത്തികളും ഉത്തരങ്ങളും കലാസൃഷ്ടികളാവുന്ന അപൂർവ കാഴ്ച! അവസാനം സിസ്റ്റൈൻ ചാപ്പലിൽ ഒരുനിമിഷം. തലയുയർത്തി നോക്കുന്പോൾ മൈക്കലാഞ്ചലോ എന്ന അപൂർവ പ്രതിഭയ്ക്കു മുന്നിൽ മുട്ടുകുത്തി വണങ്ങണമെന്നു തോന്നാത്തവർ ചുരുക്കമാവും. "ആദാമിന്റെ സൃഷ്ടി' - മനുഷ്യനെ ദൈവം സ്പർശിക്കുന്ന ആ ഒരു നിത്യനിമിഷം എത്ര മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു!.
ജലനഗരത്തിൽ
ഇനി ഞാൻ ഏറെക്കാലമായി കാത്തിരുന്ന, എന്നും കൊതിപ്പിച്ചിരുന്ന ഒരു നഗരത്തിലേക്കാണ്. അന്റോണിയോയും ബസാനിയോയും ബുദ്ധിമതിയായ പോർഷ്യയും (ദ മർച്ചന്റ് ഓഫ് വെനീസ് - ഷേക്സ്പിയർ) നടന്ന നഗരം -ജലനഗരമായ വെനീസ്. കാലചക്രം എവിടെയോ നിലച്ചുപോയ ഇടംപോലെ. ഗൊണ്ടോളയെന്ന ചെറുവഞ്ചിയിൽ അരമണിക്കൂറിന് ഒമ്പതിനായിരം രൂപ കൊടുത്ത് യാത്രചെയ്യുമ്പോൾ ഏതോ ചരിത്രത്തിന്റെ ഭാഗമായി ഒഴുകുകയാണെന്നു തോന്നി.
വാഹനങ്ങളുടെ നീണ്ട ഹോണടികളില്ലാതെ, എന്തിനോവേണ്ടി തിരക്കുപിടിച്ചോടുന്ന മനുഷ്യരില്ലാത്ത, എല്ലാം ശാന്തമായിരിക്കുന്ന ഒരിടമാണിത്. ഒരുകാലത്തും തിരിച്ചുപോരാതെ അവിടെത്തന്നെ ജീവിക്കാൻ ആയിരുന്നെങ്കിലെന്ന് മനസു തുടിക്കും.
ഭാരം കൂടുതലുള്ള വസ്തുക്കൾ വേഗത്തിൽ വീഴുമെന്ന അരിസ്റ്റോട്ടിലിന്റെ വാദത്തെ വെല്ലുവിളിക്കാൻ ഗലീലിയോ വ്യത്യസ്ത ഭാരമുള്ള വസ്തുക്കളുമായി കയറിയതെന്ന് വിശ്വസിക്കപ്പെടുന്ന ലോകാത്ഭുതങ്ങളിൽ ഒന്നായ പിസായിലെ ചെരിഞ്ഞ ഗോപുരമായിരുന്നു അടുത്ത ലക്ഷ്യം. പുതിയകാല എൻജിനിയറിംഗ് വൈദഗ്ധ്യത്തിന്റെ കഴിവുകൊണ്ട് കൂടുതൽ ചെരിയാതെ കാത്തുസൂക്ഷിക്കപ്പെട്ട ഗോപുരം. കുറച്ചധികം യാത്രയുണ്ട് അവിടേക്ക്. എങ്കിലും അമൂല്യമായ സമ്മാനമാണ് ആ കാഴ്ച.
മൊണാലിസ എവിടെ ?
ഇറ്റലിയിലെ രുചിഭേദങ്ങളായ പിസയും പാസ്തയും പനിനീയും ജെലാറ്റോയും തിറാമിസുവും എല്ലാം വിവിധ നേരങ്ങളിൽ യഥാവിധി രുചിച്ചറിഞ്ഞ് പാരീസിലേക്ക്. ലൂവ്റ് മ്യൂസിയത്തിൽ സിനിമാക്കഥയെ വെല്ലുന്ന ഒരു കവർച്ചനടന്നിട്ട് അധികനാൾ ആവാത്തതുകൊണ്ട് മ്യൂസിയം തുറക്കാതിരിക്കുമോ എന്നു സംശയമുണ്ടായിരുന്നു. ഭാഗ്യം തുണച്ചു, തുറന്നിട്ടുണ്ട്! ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് വായിച്ചിട്ടുള്ള ഭ്രമം ഉള്ളിലുണ്ട്.
നിഗൂഢമായ പുഞ്ചിരികൊണ്ട് ലോകത്തെ മുഴുവൻ ആകർഷിച്ച ഡാവിഞ്ചിയുടെ സ്വന്തം "മൊണാലിസ' സൂക്ഷിച്ചിരിക്കുന്നത് ഇവിടെയായതുകൊണ്ടുകൂടിയാണ് മ്യൂസിയത്തിലേക്ക് ആകർഷിക്കപ്പെട്ടത്. ഒരിക്കൽ കളവുപോയി തിരിച്ചുകിട്ടിയ അമൂല്യനിധി. വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് മൊണാലിസയുടെ മ്യൂസിയത്തിലെ സ്ഥാനം. മാസങ്ങളോളം കാണാനുള്ള അമൂല്യവസ്തുക്കളുള്ള മ്യൂസിയമാണെങ്കിലും പ്രധാന പ്രവേശന കവാടമായ ഗ്ലാസ് കൊണ്ടുള്ള പിരമിഡ് കടന്നുവരുന്ന എല്ലാവരും ആദ്യം ചോദിക്കുന്നത് മൊണാലിസ എവിടെ എന്നാണ്!
സ്പാർക്കിളിംഗ് ഈഫൽ ടവറും ടവറിന്റെ സമ്മിറ്റിൽനിന്ന് പ്രകാശത്തിന്റെ നഗരമായ പാരീസിന്റെ കാഴ്ചയും- യാത്രയിൽ മകൾ ആകാംക്ഷയോടെ കാത്തിരുന്നത് ഇവയ്ക്കായിരുന്നു. ഫ്രഞ്ച്് ദേശീയപതാകയുടെ നിറങ്ങളായ നീല, വെള്ള, ചുവപ്പ് എന്നിവയാൽ പ്രകാശിതമായി അതാ ഈഫൽ ടവർ! ഓരോ മണിക്കൂറിലും അഞ്ചുമിനിറ്റ് വീതം ഈവിധം മിന്നിത്തിളങ്ങുന്നു. പാരീസിന്റെ സൗന്ദര്യംനശിപ്പിക്കുന്ന ഇരുമ്പുകൂമ്പാരമെന്ന് ഒരിക്കൽ വിമർശനമേറ്റുവാങ്ങിയ നിർമിതിയാണ് ആ നഗരത്തിന്റെ സൗന്ദര്യവും അഭിമാനവുമായി നിൽക്കുന്നത്. 1889ൽ വേൾഡ് ഫെയറിനു നിർമിച്ച് 20 വർഷത്തിനുശേഷം പൊളിച്ചുകളയാനിരുന്നതായിരുന്നു ഈ ഗോപുരം എന്നുകേൾക്കുമ്പോൾ ഇപ്പോൾ അവിശ്വസനീയമായി തോന്നും.
അസാധ്യം ഒരു ഫ്രഞ്ച് വാക്കല്ല!
അവസാനമായി പാരിസിൽ ഞാൻ കൊതിച്ചുകാത്തിരുന്ന ദിവസമെത്തി. പൃഥ്വിരാജിന്റെ ശബ്ദത്തിൽ ഒരു ഡയലോഗ് മനസിൽ മന്ത്രിക്കുന്നുണ്ട്- കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ് ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്! അസാധ്യമായി ഒന്നുമില്ലെന്ന് ചെറുപ്പത്തിലേ പഠിപ്പിച്ച, ലോകം തന്റെ കാൽക്കീഴിലാവുമെന്ന് ഉറച്ചുവിശ്വസിച്ച, ഫ്രാൻസിനെ ആകാശത്തോളം ഉയർത്തിയ, വാട്ടർലൂവിൽമാത്രം അടിപതറിയ ഒരു അഞ്ചടിക്കാരൻ സ്വപ്നം കണ്ട ആർക്ക് ഡി ട്രയംഫ് എന്ന നിർമിതി കൺമുന്നിൽ.
ഫ്രഞ്ച് സൈന്യത്തിന്റെ ധൈര്യവും വിജയങ്ങളും അനശ്വരസ്മൃതിയാക്കാൻ നിർമാണമാരംഭിച്ചതും, നെപ്പോളിയൻ 1815ൽ പരാജയപ്പെട്ടതോടെ നിർമാണംനിലച്ച് പിന്നീട് ലൂയി ഫിലിപ്പ് രാജാവ് പൂർത്തീകരിച്ചതുമായ വിജയ കമാനം. ഇന്ത്യാ ഗേറ്റിന്റെ നിർമാണത്തിനു പ്രചോദനമായ ആ കൂറ്റൻ കമാനത്തിനടുത്ത് നിൽക്കുമ്പോൾ വെറുമൊരു പടയാളിയായിവന്ന് കരയും കടലും ജയിച്ച, അരികുകളഞ്ഞ തൊപ്പിവച്ച ആ വെള്ളക്കുപ്പായക്കാരന്റെ സാന്നിധ്യം അനുഭവപ്പെടുന്നതുപോലെ...
യാത്ര അവസാനിപ്പിച്ച് തിരിച്ചു വിമാനമേറുമ്പോൾ രണ്ടു ലോകാത്ഭുതങ്ങൾ ഒരു യാത്രയിൽ കണ്ടതിനേക്കാൾ സന്തോഷിപ്പിച്ചത് വായിച്ചുമറന്ന ഒരായിരം കഥകളും ചരിത്രവും പത്രവാർത്തകളും കഥാപാത്രങ്ങളും ആശ്ചര്യത്തോടെ മനസിൽ തെളിഞ്ഞതാണ്. അടുത്ത യാത്രവരെ ഒഴുകിനടക്കാൻ ഈ ഊർജം ധാരാളം...
Samskarikam
തകർത്തുപെയ്യുന്ന മഴയെപ്പോലും വകവയ്ക്കാതെ, ചായയും വടയും മത്സരിച്ചുകഴിക്കുന്ന ഒരുപറ്റം മനുഷ്യരെ ഉറ്റുനോക്കിക്കൊണ്ട് മാവിൻ ചുവട്ടിലെ ചായപ്പീടികയ്ക്ക് മുന്നിൽ ഒരു മെലിഞ്ഞുണങ്ങിയ നായ നിൽപ്പുണ്ട്.
വയറെല്ലാം ഒട്ടി വാരിയെല്ലുകൾ തെളിഞ്ഞു കാണാം. പീടികയ്ക്ക് തൊട്ടുമുന്നിൽ ആളനക്കമില്ലാതെ ഒരു കാത്തിരിപ്പ് കേന്ദ്രമുണ്ട്. അവിടെ പോയാൽ അവന് മഴനനയാതെ നിൽക്കാമെങ്കിലും അവൻ പീടികയ്ക്ക് മുന്നിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
മഴ ശക്തിയായി പെയ്തിറങ്ങിയിട്ടും അവനിൽ തെല്ലും ഭാവ വ്യത്യാസമില്ല. അവന്റെ ശരീരം അവനറിയാതെ തന്നെ വിറയ്ക്കുന്നുണ്ടെങ്കിലും ആരെങ്കിലും എന്തെങ്കിലും ഇട്ടു കൊടുക്കുന്നതും പ്രതീക്ഷിച്ച് കണ്ണിമ ചിമ്മാതെ അവൻ മനുഷ്യരെ ദയനീയമായി നോക്കുകയാണ്. എന്നാൽ അവരൊന്നും അവനെ കണ്ടമട്ടില്ല. അവർ എന്തൊക്കെയോ പറയുന്നു, ചിരിക്കുന്നു.
പെട്ടെന്നായിരുന്നു ഒരു കല്ല് എവിടെ നിന്നോ അവന്റെ കാലിൽ തന്നെ വന്നുകൊണ്ടത്. അപ്രതീക്ഷിതമായി കിട്ടിയ ഏറിൽ അവൻ വേദന കൊണ്ട് പുളഞ്ഞു, മുടന്തി മുടന്തിയാണെങ്കിലും ശരവേഗത്തിൽ അവൻ പാതയുടെ മറുവശത്തേക്ക് ഓടി. കുറച്ചു നേരം അവനെ അവിടെയെങ്ങും പിന്നെ കണ്ടില്ല.
എന്നാൽ ചായ പീടികയ്ക്ക് മുന്നിൽ വീണ്ടും ആളുകൾ കൂടിയതോടെ ഒരൽപ്പസമയത്തിന് ശേഷം എവിടെ നിന്നോ പമ്മി പമ്മി അവൻ വീണ്ടും പീടികയ്ക്ക് മുന്നിൽ വന്നു നിന്നു. കാലിലെ വേദനയും മനുഷ്യരോടുള്ള ഭയവുമെല്ലാം അവന്റെ വിശപ്പിന് മുന്നിൽ തോൽവി സമ്മതിച്ചിരിക്കുന്നു.
ഒന്നും സംഭവിക്കാത്ത മട്ടിൽ ഒരൽപ്പം ആഹാരത്തിനായി അവൻ വീണ്ടും മനുഷ്യരെ ദയനീയമായി നോക്കി. അവന്റെ കണ്ണുകൾ ഇരുൾ മൂടിയ അന്തരീക്ഷത്തിലും അശ്രുകണങ്ങളാൽ തിളങ്ങുന്നുണ്ടായിരുന്നു.
SUNDAY DEEPIKA
പ്രഭാതവെയിലേറ്റ മൺവീടുകൾ സാക്ഷിയായി വിമാനം മരുഭൂമിയിലേക്ക് പറന്നിറങ്ങി. അബുദാബി ഷെയ്ഖ് സയീദ് വിമാനത്താവളം. മണലാരണ്യം അപ്പാടെ തണുപ്പിച്ചെടുത്ത കുളിരും പ്രൗഢിയും പകിട്ടുമുണ്ട് വിമാനത്താവളത്തിന്. ഇടനാഴികളിലൂടെ ഏറെ ദൂരം നടന്നാണ് പുറത്തു കടന്നത്. കവാടത്തിൽ പെഷവാറിൽ നിന്നുള്ള മുദാസർ അവാൻ ഒരു ആഡംബര വാഹനവുമായി കാത്തുനിൽപ്പുണ്ടായിരുന്നു.
പ്രാതൽ കഴിച്ച് ആദ്യം എത്തിയത് ഷെയ്ഖ് സെയ്ദ് ഗ്രാൻഡ് മോസ്കിലേക്ക്. വെണ്ണക്കല്ലുകളിൽ അത്ഭുതങ്ങൾ തീർക്കുന്ന മിനാരങ്ങളും കമാനങ്ങളും ചുമർചിത്രങ്ങളും, വിസ്മയപ്പെടുത്തുന്ന പരവതാനികളും ചില്ല് തൂക്കുവിളക്കുകളും കാണാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു ജനം ഒഴുകിയെത്തുന്നു. അബുദാബി നഗര പ്രദക്ഷിണം കാഴ്ചകൾക്ക് വിരുന്നൊരുക്കി. ആദ്യ പെട്രോൾ ഖനന യന്ത്രവും ബീച്ചും പച്ചത്തുരുത്തുകളും രാജാവിന്റെ കൊട്ടാരവും സുന്ദരവും ഗംഭീരവുമാണ്. സ്വാമി നാരായൺ ക്ഷേത്രത്തിലെ സൂക്ഷ്മമായ വെള്ള മാർബിൾ കൊത്തുപണികൾ മരുഭൂമിയിലെ മറ്റൊരു വിസ്മയമായി.
അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള യാത്ര ഒരു മരുഭൂമി അംബരചുംബികൾ നിറഞ്ഞ വികസിത നഗരമായി പരിണമിക്കുന്നതിന്റെ സൗന്ദര്യം വിളിച്ചോതുന്നു. പല സ്ഥലങ്ങളിൽനിന്നു ജോലികഴിഞ്ഞു മടങ്ങുന്ന തൊഴിലാളികളെ കാണാം. വർഷങ്ങൾക്കുമുന്പ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മരുഭൂമിയിലെത്തിയ മലയാളികളെ ഒരുനിമിഷം ഓർത്തു.
പ്രഭാതം നന്മകളാൽ സമൃദ്ധം
പുലരിക്കു മുന്പേ ദുബായ് നഗരം പ്രവർത്തനനിരതമായിക്കഴിഞ്ഞു. ജോലിക്കു പോകാൻ തയാറെടുക്കുന്ന തൊഴിലാളികളാണ് എങ്ങും. കടകൾ എല്ലാം തുറന്നുവച്ചിരിക്കുന്നു. സ്കൂളിലേക്ക് പോകാൻ ഒരുങ്ങിനിൽക്കുന്ന കുട്ടികൾ. അവരെ യാത്രയയയ്ക്കാൻ നിൽക്കുന്ന അമ്മമാർ. പ്രഭാത സവാരിക്കിറങ്ങിയവർ.
ചായക്കപ്പും എരിയുന്ന സിഗരറ്റുമായി മൊബൈൽ നോക്കുന്നവർ. എങ്ങുനിന്നൊക്കെയോ മുറിഞ്ഞുവീഴുന്ന മലയാളം വാമൊഴികൾ. തണുത്ത ഒരിളം കാറ്റടിക്കുന്നു. ചായമക്കാനിക്കു മുന്നിൽ ബായി ബായി പറഞ്ഞിരിക്കുന്നവരിൽ ഇന്ത്യനും പാക്കിസ്ഥാനിയും സുഡാനിയും യമനിയും ഫിലിപ്പിനോയും ചീനനും ജോർദാനിയുമുണ്ട്.
സഹിഷ്ണുതയുടെ നഗരം
സഹിഷ്ണുതയുടെ നഗരമെന്നാണ് ദുബായ് അറിയപ്പെടുന്നത്. വംശ-വർണ-മത-രാഷ്ട്ര-ഭേദമെന്യേ എല്ലാവരെയും സമഭാവനയോടെ ക്ഷണിച്ചിരുത്തി വിരുന്നൂട്ടുന്ന നഗരം. മരുഭൂമിയിലൂടെ അലഞ്ഞു നടന്നിരുന്ന 240 പൂർവികർ ദൈറ കടലിടുക്കിനടുത്ത് താമസമാരംഭിച്ചിടത്തുനിന്നാണ് ഈ നഗരത്തിന്റെ ചരിത്രം തുടങ്ങുന്നത്. 1950കളിലെ പെട്രോളിന്റെ കണ്ടുപിടുത്തം രാജ്യത്തെ വികസനക്കുതിപ്പിലെത്തിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരിൽ അബുദാബി തലസ്ഥാനമായി നിലകൊള്ളുന്ന ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ നഗരം ദുബായ് ആണ്. പൗരാണിക അറബ് വാസ്തുവിലധിഷ്ഠിതമാണ് ദുബായിലെ നഗരാസൂത്രണം. ആധുനികമായ കെട്ടിടങ്ങളും അശ്രാന്തപരിശ്രമങ്ങളിലൂടെ തീർക്കുന്ന നിറങ്ങളുടെ വർണപരവതാനികളായ പൂന്തോപ്പുകളും ഒരു മരുനഗരം എന്ന സങ്കൽപ്പത്തെ മാറ്റിമറിക്കുന്നു.
ഗരിമയാർജിച്ച എത്രയെത്ര കെട്ടിടങ്ങൾ. പെട്ടികൾ അടുക്കിവച്ചപോലെ, ആയത്തുകൾ എഴുതിയ കാൽച്ചിലമ്പു പോലെ, ആകാശത്തേക്ക് പിരിയുന്ന വൃത്താകാര തൂൺപോലെ, വായ് തുറന്ന ചിപ്പി പോലെ, പള്ള വീർത്ത ഭരണിപോലെ, ചെത്തിയ മുളങ്കമ്പുപോലെ, പൂണ്ട മാമ്പഴം പോലെ, വിടർന്നുതുടങ്ങുന്ന പുഷ്പംപോലെ... രൂപങ്ങളുടെ എത്രയെത്ര വിസ്മയങ്ങൾ. ലോകത്തെ അമ്പരപ്പിച്ച ബുർജ് ഖലീഫ, ഫ്യൂച്ചർ മ്യൂസിയം, അറ്റ്ലാന്റിസ്, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം തുടങ്ങിയ നിർമിതികൾ അതിശയംതീർക്കും. തലങ്ങും വിലങ്ങും നഗരത്തെ ചുറ്റിപ്പിണയുന്ന ആകാശപാതകളിലൂടെ മെട്രോയും ട്രാമും വാഹനങ്ങളും ചീറിപ്പായുന്നു.
നിരനിരയായ ഈന്തപ്പനകൾ മനസിൽ വന്യമായ മണലാരണ്യ ചിന്തകൾ ഉണർത്തുന്നു. വൃത്തിയും വെടിപ്പുമുള്ള തെരുവുകൾ. കർശനമായ നിയമങ്ങളുടെ പിൻബലമുള്ള ചിട്ടയായ ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ. എങ്കിലും വാഹനബാഹുല്യം പലപ്പോഴും നഗരത്തിൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്നുണ്ട്. എല്ലാത്തരം ആധുനിക വേഷധാരികളെയും നിങ്ങളിവിടെ കണ്ടുമുട്ടും.
ദുബായ് പൈതൃക ഗ്രാമം
ദുബായ് പൈതൃക ഗ്രാമത്തിലേക്കായിരുന്നു ആദ്യയാത്ര. ഒരു കടലിടുക്കിന്റെ അപ്പുറവും ഇപ്പുറവും പഴയ-പുതിയ നഗരങ്ങൾ. ഒരു മേഖലയാകെ കളിമണ്ണിൽ സൃഷ്ടിച്ചെടുത്ത ഗ്രാമീണ വീടുകൾ. പഴയകാലത്തെ അതേപടി പുനർനിർമിച്ച ഒട്ടനവധി കെട്ടിടങ്ങൾ. തടിയിൽ തീർത്ത ഒരു വലിയ യാനം പൗരാണികതപേറി മുന്നിലുള്ള ജലപാതയിലൂടെ പതിയെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണ് ഈന്തപ്പനയുടെ രൂപത്തിലുള്ള പാം ജുമൈറയിലെത്തിയത്. പാം ജുമൈറയിലാണ് അറ്റ്ലാന്റിസ് ഹോട്ടൽ. ഇവിടെ ലോസ്റ്റ് വേൾഡ് അക്വേറിയത്തിലും ഈസ്റ്റ് വെസ്റ്റ് ടവറിലും എൻഫ്യുക്കൊവിലും സീ ഫയറിലും ലോകത്തിലെ ഏറ്റവും മികച്ച വിനോദ കാഴ്ചകൾ നിങ്ങൾക്കുമുന്നിലെത്തുന്നു. മുൻവശത്തുള്ള വിശാലമായ കടൽപ്പരപ്പിൽ വാട്ടർ സ്കൂട്ടറുകളിലും സ്പീഡ് ബോട്ടുകളിലും അരങ്ങേറുന്ന പലതരം ജലകേളികൾ.
ഡെസർട്ട് സഫാരി
ഉച്ചയ്ക്കു ശേഷമായിരുന്നു ഡെസർട്ട് സഫാരി. നഗര പ്രാന്തങ്ങൾ പിന്നിട്ടതും വിജനമായ മരുഭൂമികൾ മാത്രമായി. മരുപ്പറമ്പുകൾക്കുമധ്യേ ഫുജൈറയിലേക്കുനീളുന്ന വിശാല ഹൈവേ മുന്നിൽ നീണ്ടു കിടന്നു. ഇടയ്ക്കിടെ ചുണ്ണാന്പു മലകളും ചെമ്മണൽ കുന്നുകളും ഈന്തപ്പനത്തോട്ടങ്ങളും കാഴ്ചകളെ വ്യത്യസ്തമാക്കുന്നു.
പ്രധാനപാതവിട്ട് മണൽമലകളിലൂടെയായി യാത്ര. ഇപ്പോൾ ചുറ്റിലും ചെമ്പിന്റെ നിറമുള്ള അനന്തമായ മണൽക്കുന്നുകൾ മാത്രം. വളവുകളും തിരിവുകളും ചെങ്കുത്തായ കയറ്റിറക്കങ്ങളും ചെരിഞ്ഞും പിരിഞ്ഞും പിന്നിടുന്ന സാഹസികയാത്ര. വലിയൊരു മണൽമലയുടെ മുകളിൽ വാഹനങ്ങൾ നിന്നു. എല്ലാവരും പുറത്തിറങ്ങി. നല്ല തണുത്ത കാറ്റ് വീശുന്നു. ചുറ്റിലും വിശാലമായ മണൽപ്പരപ്പുകൾ മാത്രം. ദൂരെ ചെമ്പട്ടുടുത്ത സൂര്യൻ മണലാരണ്യത്തിലേക്ക് താഴുവാൻ തുടങ്ങുന്നു. മരുഭൂമിയിലെ അസ്തമയം.
ആറു കിലോമീറ്റർ ദൂരം പിന്നെയും മരുഭൂമിയിലൂടെ സഞ്ചരിച്ചാണ് അത്താഴം ഒരുക്കിയിരുന്ന വിജനമായ ഡെസർട്ട് ക്യാമ്പിൽ എത്തിയത്. മരുഭൂമിയിലെ രാത്രിവന്യത അടുത്തറിഞ്ഞ യാത്ര. ടൂറിസ്റ്റുകൾക്കായി കമനീയമായി അലങ്കരിച്ച ഒരു നിശാതാവളം. എത്ര കണ്ടാലും എത്ര അറിഞ്ഞാലും പുതിയ പുതിയ ചമയങ്ങൾ എടുത്തണിഞ്ഞു പുഞ്ചിരിക്കുകയാണ് ദുബായ്.
ദുബായ് ഫ്രെയിം
ദുബായ് നഗരത്തെ അടയാളപ്പെടുത്തുന്ന ഒരു വിസ്മയനിർമിതിയിലേക്കായി അടുത്ത പ്രഭാതത്തിൽ യാത്ര. ദുബായ് ഫ്രെയിം. നഗരത്തിലൂടെ കടന്നുപോകുമ്പോൾ പലവട്ടം കണ്ടതാണ്, ഫോട്ടോ ഫ്രെയിം പോലെ നിൽക്കുന്ന ഒരു സ്വർണചതുരം. 150 മീറ്റർ ഉയരത്തിൽ 90 മീറ്റർ നീളത്തിൽ സ്വർണം പൊതിഞ്ഞൊരു ഇരുമ്പുകൂട്. അടിത്തട്ടിൽ പുരാതന ദുബായ് മുതൽ ആധുനിക ദുബായ് വരെയുള്ള വികാസം പലവിധ മാധ്യമങ്ങളിലൂടെ വിശദീകരിക്കുന്നു.
ലിഫ്റ്റ് ഉയരുന്നതോടെ നഗരത്തിന്റെ ആകാശചിത്രങ്ങൾ പക്ഷിക്കണ്ണിൽനിന്നെന്ന പോലെ ലഭിച്ചുതുടങ്ങും. വശങ്ങളിലുള്ള കാഴ്ചകളിൽ ഒന്ന് പഴയ ദുബായ് ആണെങ്കിൽ മറുവശം ആധുനിക ദുബായ്. അടിവശത്തെ ചില്ലുനിലത്തിലൂടെ ദൃശ്യമാകുന്നത് 150 മീറ്റർ താഴ്ചയിലെ വ്യക്തതയുള്ള ചിത്രങ്ങൾ.
ദുബായ് മിറാക്കിൾ ഗാർഡൻ
മരുഭൂമിയിലെ ജലദൗർലഭ്യം എന്ന സമസ്യയെ മാറ്റിമറിക്കുന്നതാണ് ദുബായ് മിറാക്കിൾ ഗാർഡൻ എന്ന പൂന്തോട്ടം. വർണപ്പൂക്കളുടെ മായാലോകം. ഒരു പ്രദേശമാകെ എങ്ങനെയൊക്കെ പൂക്കൾകൊണ്ട് അലങ്കരിച്ച് ആകർഷകമാക്കാമോ അതിന്റെയെല്ലാം അപ്പുറമാണ് ദുബായ് മിറാക്കിൾ ഗാർഡൻ. പുഞ്ചിരിക്കുന്ന പൂക്കൾകൊണ്ട് അണിയിച്ചൊരുക്കിയ വിമാനവും കുതിരകളും കൊട്ടാരങ്ങളും നർത്തകിമാരും പക്ഷികളും ചിത്രശലഭങ്ങളും സന്ദർശകരെ സ്വപ്നലോകത്തെത്തിക്കുന്നു.
ദുബായ് ഗ്ലോബൽ വില്ലേജ്
ലോകമൊരു ഗ്രാമം എന്ന സങ്കല്പത്തിൽനിന്നാണ് ദുബായ് ഗ്ലോബൽ വില്ലേജ് എന്ന സംരംഭത്തിന്റെ ഉത്ഭവം. പൂക്കളുടെ ലോകത്തുനിന്ന് നേരേയെത്തിയത് ഗ്ലോബൽ വില്ലേജിലേക്കായിരുന്നു. മുപ്പതോളം രാഷ്ട്രങ്ങൾ തയാറാക്കിയ തനതു പൈതൃകം പറയുന്ന പവലിയനുകളാണ് ഗ്ലോബൽ വില്ലേജ്. വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനസ്റ്റാളുകൾ ഇവിടെയുണ്ട്.
വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള മനുഷ്യരെയും അവരുടെ ജീവിതരീതികളെയും പ്രകൃതിവിഭവങ്ങളെയും മരുഭൂമിയിലൊരിടത്തുവച്ച് പരിചയപ്പെടുവാനുള്ള അസുലഭ അവസരമാണ് ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്കു ലഭിക്കുന്നത്. മാനവികതയുടെ മാന്ത്രിക ഭാവങ്ങൾ ഇവിടെ തുടികൊട്ടുന്നു. സന്തോഷത്തോടെ, അതിലേറെ ഒരുമയോടെ പലവിധ രാജ്യക്കാർ ആർത്തുല്ലസിക്കുന്ന പാരിടം. കുവൈറ്റ് പവലിയനിൽനിന്നാണ് തുടക്കം.
തുടർന്ന് മൊറോക്കോ, ഈജിപ്ത്, ഇറാൻ, യമൻ, ഇന്ത്യ, റഷ്യ, ജോർദാൻ, തുർക്കി, പലസ്തീൻ, പാക്കിസ്ഥാൻ പവലിയനുകൾ. പൊതു സ്ഥലങ്ങളിലെ ആഘോഷങ്ങളും അർമാദങ്ങളും പ്രകടനങ്ങളും ഭക്ഷ്യ സ്റ്റാളുകളും പലവിധ വേഷഭൂഷാദികൾ അണിഞ്ഞ വിവിധ ദേശക്കാരും ഗ്ലോബൽ വില്ലേജിനെ ഒരു സംഭവമാക്കി മാറ്റുന്നു.
ഫ്യൂച്ചർ മ്യൂസിയം
2071 ഫെബ്രുവരി രണ്ട് എന്ന ദിവസത്തെ മനസിൽക്കണ്ടു വേണം ദുബായിയിലെ ഫ്യൂച്ചർ മ്യൂസിയത്തിലേക്കു പ്രവേശിക്കാൻ. അകവും പുറവും ആയത്തുകൾ ആലേഖനംചെയ്ത വെള്ളിക്കാൽച്ചിലമ്പിന്റെ മാതൃകയിലാണ് മ്യൂസിയം. 2071ൽ ദുബായിലും ലോകത്തും സംഭവിക്കാനിരിക്കുന്ന ശാസ്ത്ര മുന്നേറ്റങ്ങളും ഇന്നത്തെ മനുഷ്യകുലം അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവതരിപ്പിക്കുകയാണിവിടെ.
ശൂന്യാകാശത്തേക്കുയരുന്ന ഒരു ഉപഗ്രഹപേടകത്തിൽ കയറിയാണ് നാലു നിലകളിലായുള്ള ഫ്യൂച്ചർ ലോകത്തേക്ക് കടന്നുചെന്നത്. ഏതു ഭാഷയിലും ഏതു സംശയങ്ങൾക്കും മറുപടി തരുന്ന യന്ത്രമനുഷ്യനും കാണികളെ കണ്ടറിഞ്ഞു നൃത്തംചെയ്യന്ന റോബോട്ടിക് ശുനകനും കൗതുകമുണർത്തും.
ബുർജ് ഖലീഫ
ഡൗൺടൗൺ ദുബായിലാണ് ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം എന്ന ഖ്യാതി നേടിയ ബുർജ് ഖലീഫ. ദുബായ് മാളിലൂടെ പ്രവേശിച്ച് ഏറെനേരം വരിയിൽനിന്നാണ് ബുർജ് ഖലീഫയിലേക്ക് ഉയരുവാൻ കഴിഞ്ഞത്. കൃത്യം ഒരു മിനിറ്റുകൊണ്ട് 124-ാം നിലയിലെത്തിച്ച ലിഫ്റ്റ് നഗരത്തിന്റെ അനന്തവിഹായസിലേക്ക് കാഴ്ചകളെ തുറന്നുവിട്ടു. ആകാശത്തോട് ഒട്ടിനിന്ന് 360 ഡിഗ്രിയിൽ ദുബായ് നഗരം ഒരു വാങ്മയചിത്രംപോലെ ആസ്വദിക്കാം.
ബുർജ് ഖലീഫയുടെ അടിത്തട്ടിലുള്ള തടാകവും ദുബായ് ഫൗണ്ടനും ദുബായ് മാളും ലോകത്താകമാനമുള്ള മനുഷ്യരാശിയുടെ സംഗമവേദികളാണ്. കാഴ്ചകൾകൊണ്ട് നമ്മെ പൊറുതിമുട്ടിക്കും ദുബായ്! ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം. നവംബർ മുതൽ ജനുവരി വരെയാണ് ദുബായ് സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം.
Movies
ദിലീപ് കുറ്റവിമുക്തൻ. എട്ടു വർഷത്തിനുശേഷം, വിചാരണക്കോടതിയിൽനിന്നു സുപ്രധാന വിധി വന്നിരിക്കുന്നു. നടി ആക്രമണക്കേസിൽ കുറ്റവിമുക്തനായി കോടതിയുടെ പുറത്തേക്കിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെയാണ്- എനിക്കെതിരെ പോലീസ് നടത്തിയ ഗൂഢാലോചനയാണിത്..
2018ൽ ദിലീപ് റിമാൻഡിൽ കഴിയുന്പോൾ റിലീസ് ചെയ്ത രാമലീല എന്ന സിനിമയുടെ രംഗങ്ങളിലൊന്നിൽ പോലീസിനെതിരെ ദിലീപ് ഉപയോഗിക്കുന്ന ഡയലോഗുണ്ട്- എന്താണ് സാറെ പ്രതി ഞാൻ തന്നെയാകണമെന്ന് തീരുമാനിച്ചതുപോലെ..?
സ്വാഭാവികമായ രണ്ടുകാര്യങ്ങൾ. അതിന്റെ വിലയോ ഒരു നടന്റെ ജീവിതം..! നടി ആക്രമണക്കേസിൽ പ്രതിസ്ഥാനത്തുനിന്ന താരം വൻ ആരോപണങ്ങൾക്കാണിരയായത്. സമൂഹമാധ്യമങ്ങളിലും ന്യൂജെൻ മീഡിയകളിലും ദിലീപിനെതിരെ വൻ ആക്ഷേപങ്ങളും പ്രചരിക്കാൻ തുടങ്ങി. ആഴ്ചകൾക്കുള്ളിൽ ജനപ്രിയനാകൻ, ജനം ഏറ്റവും കൂടുതൽ വെറുക്കുന്ന നടനായി മാറി. അമ്മ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട സംഘടനകളിൽനിന്നു താരത്തെ പുറത്താക്കി. ജനപ്രിയ നായകന്റെ വീഴ്ചയായിരുന്നു പിന്നീട് സംഭവിച്ചത്. സുഹൃത്തുക്കളിൽനിന്നു പോലും ദിലീപ് ഒറ്റപ്പെട്ടു. താരത്തിനായി അണിയറയിൽ ഒരുങ്ങിയ പ്രോജക്ടുകൾ മുടങ്ങി. ചില താരങ്ങളും ടെക്നീഷന്മാരും ദിലീപിന്റെ പ്രോജക്ടുകളോടു സഹകരിക്കാതെയായി.
കോടികളുടെ സാറ്റലൈറ്റ് ബിസിനസ് ഉണ്ടായിരുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് കുത്തനെ ഇടിവു സംഭവിച്ചു. സ്ത്രീപ്രേക്ഷകരുടെ ഭാഗത്തുനിന്നു ശക്തമായ എതിർപ്പുയർന്നു. രാമലീലയ്ക്കുശേഷം വന്ന ചിത്രങ്ങൾ തിയറ്ററുകളിൽ സാന്പത്തികനേട്ടം കൈവരിച്ചില്ല. നല്ല സിനിമ പോലും സമൂഹമാധ്യമങ്ങളിൽ ഇകഴ്ത്തിക്കാണിക്കപ്പെട്ടു. കുറ്റവാളിയോടെന്നപോലെ പകയോടെയാണ് പൊതുസമൂഹം ദിലീപിനോട് പെരുമാറിയത്. കമ്മാരസംഭവം, കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി, ജാക്ക് ആൻഡ് ഡാനിയേൽ, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, വോയിസ് ഓഫ് സത്യനാഥൻ, ബാന്ദ്ര, തങ്കമണി, പവി കെയർ ടേക്കർ, പ്രിൻസ് ആൻഡ് ഫാമിലി എന്നിവയാണ് കേസിനുശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം. പലതും മികച്ച സിനിമയായിരുന്നിട്ടും നെഗറ്റീവ് പ്രചരണത്തിൽ കൂപ്പുകുത്തുകയായിരുന്നു.
വെള്ളിത്തിരയിലും പിന്നിലും
പ്രമുഖ സംവിധായകൻ കമലിന്റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാരംഗത്ത് എത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കവെ എന്നോടിഷ്ടം കൂടാമോ എന്ന കമല് ചിത്രത്തിലൂടെ തന്നെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മാത്തെ കൊട്ടാരം എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. ഖുശ്ബുവും സുരേഷ് ഗോപിയുമായിരുന്നു മറ്റു താരങ്ങൾ. തുടർന്ന്, ദിലീപിന്റെ കരിയർ ആകാശത്തോളം ഉയരുകയായിരുന്നു. അക്കാലത്തെ ജനപ്രിയ സിനിമകളുടെ വാണിജ്യചേരുവകളിലൊന്നായി ആലുവക്കാരൻ മാറി. സല്ലാപം എന്ന സിനിമയാണ് ദിലീപിന്റെ കരിയർതന്നെ മാറ്റിയത്. ഈ പുഴയും കടന്ന്, മീനത്തില് താലികെട്ട്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കര് തുടങ്ങിയ ജനപ്രിയഹിറ്റുകൾ പുറത്തിറങ്ങി.
മഞ്ജുവുമായുള്ള വിവാഹം
മഞ്ജു വാര്യരുടെ വിവാഹശേഷം ദിലീപിന്റെ കരിയറിൽ വീണ്ടും വൻഹിറ്റുകൾ പിറന്നു. മഞ്ജുവിന്റെ ഭർത്താവ് എന്ന നിലയിലിൽ അവരുടെ ആരാധകരും ദിലീപിനെ സ്നേഹിച്ചു. നിർമാണമേഖലയിലും ദിലീപ് കൈവച്ചു. ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്, പച്ചക്കുതിര, സൗണ്ട് തോമ, ചക്കരമുത്ത്, മായാമോഹിനി എന്നീ ചിത്രങ്ങളിൽ പരീക്ഷണകഥപാത്രങ്ങളായും താരം എത്തി. മിസ്റ്റർ മരുമകൻ, മീശമാധവൻ, ലയൺ, റൺവേ, സിഐഡി മൂസ, വെട്ടം, പാണ്ടിപ്പട തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും ദിലീപിന്റെ താരസിംഹാസനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. താരസംഘടനയായ അമ്മയുടെ ധനശേഖരണാര്ഥം മലയാളത്തില താരങ്ങളെയെല്ലാം അണിനിരത്തി നിര്മിച്ച 20 -ട്വന്റി എന്ന ചിത്രം സിനിമാലോകത്തെ ദിലീപിന്റെ മേൽക്കോയ്മ ശക്തമാക്കി.
ഇനിയെന്ത്
താരം തന്റെ സുവർണത്തിളക്കത്തിൽ നിൽക്കുന്പോഴാണ് കേസിൽ അകപ്പെടുന്നത്. ഇപ്പോൾ കുറ്റവിമുക്തനായി തിരച്ചെത്തിയെങ്കിലും താരത്തിന്റെ ശത്രുതാകേന്ദ്രങ്ങളിൽനിന്നുള്ള നീക്കം ഭാവിസിനിമകളെയും ബാധിക്കുമോ എന്നു കാണേണ്ടതാണ്. ഭഭബ- ആണ് റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുകയാണ്. ചിത്രത്തിന്റെ കോടതിയിൽ ഹാജരാകുന്നതിന്റെ തലേദിവസം രാത്രി ഡബ്ബിംഗ് ജോലികൾ ദിലീപ് പൂർത്തിയാക്കിയിരുന്നു. ഇനി താരത്തിന്റെ ഭാവി പ്രോജക്ടകൾ വരുംദിവസങ്ങളിൽ അറിയാൻ കഴിയും. കുറ്റവിമുക്തനായതിനെത്തുടർന്ന് വിവിധ സംഘടനകൾ താരത്തെ തിരിച്ചെടുക്കും.
SUNDAY DEEPIKA
ശതാഭിഷേക നിറവിലാണ് കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി. കഥകളിക്കായി ജീവിതം ഉഴിഞ്ഞുവച്ചയാൾ. കഥകളിലോകത്ത് പരക്കേ സ്വീകാര്യനായ, നാടകവും ഫുട്ബോളും ഇഷ്ടപ്പെടുന്ന അദ്ദേഹവുമായി കഥകളി കലാകാരികൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നടത്തുന്ന സംഭാഷണം...
കൃഷ്ണന്കുട്ടി ആശാൻ കഥകളിജീവിതം ആരംഭിച്ചിട്ട് എഴുപതുവർഷത്തോളമാകുന്നുവെന്നറിയാം. കഥകളിയിലേക്കെത്തിയത് എങ്ങനെയാണ്?
ഞാൻ ജനിച്ചത് പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി എന്ന ഗ്രാമത്തിലാണ്. തൊട്ടടുത്തു വെള്ളിനേഴി, വാഴേങ്കട, കാറൽമണ്ണ എന്നീ സ്ഥലങ്ങൾ. ക്ഷേത്രസംബന്ധിയായ കലകളും നാടകവുമൊക്കെ നിറഞ്ഞ നാടുകൾ. ഇതിൽ കഥകളിക്കു പ്രാധാന്യംകൂടും. പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്ന ഒന്നിലധികം ദിവസങ്ങളിലെ കഥകളി മിക്ക ക്ഷേത്രങ്ങളിലും സ്ഥിരമാണ്. ഇതെല്ലാം കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്.
. പല പ്രമുഖരുടെയും കഥകളി പഠനത്തിനു നിദാനം ദാരിദ്ര്യാവസ്ഥയാണെന്ന് കേട്ടിട്ടുണ്ട്. ആശാന് അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നോ?
എന്റെ അച്ഛൻ പിലാശേരി രാവുണ്ണിനായർ, അമ്മ കിഴക്കേപ്പാട്ട് ജാനകിയമ്മ. ഞങ്ങൾ പത്തുമക്കൾ. ചെർപ്പുളശേരി സെന്ററിൽ ഒരു ചായക്കടയുണ്ടായിരുന്നു അച്ഛന്. സാമാന്യംതിരക്കുള്ള കട. കൂടാതെ സ്വന്തമായി ഇരുപ്പൂകൃഷിനിലവുമുണ്ടായിരുന്നു. വീട്ടിൽ സുഭിക്ഷതയുണ്ടായിരുന്നില്ലെങ്കിലും ദാരിദ്ര്യം ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഇഷ്ടംകൊണ്ടല്ലാതെ മറ്റൊന്നുംകൊണ്ടല്ല ഞാൻ കഥകളിയിലേക്കെത്തിയത്.
. കുടുംബത്തിലെ കലാപരമായ അന്തരീക്ഷം?
അച്ഛൻ പുല്ലാങ്കുഴൽ വായിച്ചിരുന്നു. സ്വന്തമായി പുല്ലാങ്കുഴൽ നിർമിച്ചാണ് വായിക്കുക. ഹാർമോണിയവും മീട്ടാനറിയും. അമ്മ കൈകൊട്ടിക്കളി കളിച്ചിരുന്നു. അതിന്റെ അപൂർവമായ പല പാട്ടുകളും ഹൃദിസ്ഥമായിരുന്നു. ഉത്സവകാലങ്ങളിൽ ഞങ്ങൾ മക്കളെയുംകൂട്ടി പരിപാടികൾ കാണാൻ ക്ഷേത്രത്തിലേക്കുപോകും. നൂറുശതമാനം കല ആസ്വദിച്ചിരുന്ന കുടുംബമായിരുന്നു.
. സ്കൂൾ പഠനകാലം എങ്ങനെ ഓർക്കുന്നു?
ചെർപ്പുളശേരി സ്കൂളിലാണ് ഞാൻ അഞ്ചാം ക്ലാസുവരെ പഠിച്ചിരുന്നത്. ആറുമുതൽ കാറൽമണ്ണ നരിപ്പറ്റമന വക ഹയർ എലമെന്ററി സ്കൂളിലേക്കുമാറി. കാറല്മണ്ണ സ്കൂൾ വിവിധ കലകളുടെ പഠനകേന്ദ്രം കൂടിയായിരുന്നു. അതിൽ പുൽപ്പായനെയ്ത്തും നാടകവും ഫുട്ബോളുമായിരുന്നു എനിക്ക് കമ്പം.
. ആശാനെപ്പോലെ മുതിര്ന്ന കലാകാരന് നാടകവും ഫുട്ബോളും ഇഷ്ടമായിരുന്നു എന്നത് അദ്ഭുതമാണ്?
കാറൽമണ്ണയും ചെർപ്പുളശേരിയുമൊക്കെ അന്നേ നാടകത്തിനും ഫുട്ബോളിനും പേരുകേട്ട സ്ഥലങ്ങളാണ്. പറ്റുന്ന കാര്യങ്ങളൊക്കെ കാണാനും അറിയാനും ഞാൻ ശ്രമിച്ചിരുന്നു. നാടകം കണ്ടിരുന്നു. പിന്നീട് സ്കൂൾ നാടകത്തിൽ അഭിനയിച്ചു. ഫുട്ബാൾ ഒരുപടികൂടി മുന്നോട്ടുപോയി. സ്കൂൾ ടീം ക്യാപ്റ്റൻവരെ ആയി. അന്നത്തെ മദിരാശിയിൽവരെപോയി കളിച്ചു. കപ്പും നേടിയിട്ടുണ്ട്. ഇപ്പോളും ഒഴിവുസമയങ്ങളിൽ ഫുട്ബാൾ കാണും. മറഡോണയാണ് ഇഷ്ട കളിക്കാരൻ.
. കഥകളി ആരംഭം എങ്ങനെയായിരുന്നു?
കഥകളിയോടുള്ള ഇഷ്ടം ക്രമേണ കൂടിക്കൂടിവന്നു. പഠനത്തിന്റെ ഒരു ഘട്ടമാണ് അന്ന് എട്ടാംക്ലാസ്. ഇഎസ്എൽസി എന്നാണ് പറയുക. മദിരാശി സർക്കാരിന്റെ എലമെന്ററി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയാണ് ഫൈനൽ. അത് പാസായാൽ ടിടിസിക്കു പോകാം. എന്റെ ജ്യേഷ്ഠത്തി അതാണ് ചെയ്തത്. ഞാനും പരീക്ഷ ജയിച്ചതായി ഫലം വന്നു. സാമാന്യം മാർക്കും ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് മുൻപുതന്നെ എന്റെ തുടർന്നുള്ള തീരുമാനം എന്താണെന്ന് അച്ഛനും അമ്മയും ചോദിച്ചു. കഥകളി മനസിൽ ഉറച്ചതുകൊണ്ട് ഇനി കഥകളി പഠിക്കാനാണ് ആഗ്രഹം എന്ന് ഞാൻ അറിയിച്ചു.
. അങ്ങനെ സദനത്തിൽ ചേരുകയായിരുന്നോ?
അല്ല. അച്ഛന്റെ സുഹൃത്തായിരുന്നു കഥകളി ആചാര്യൻ പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ ആശാൻ. അച്ഛൻ ആശാനോട് കാര്യം പറയാമെന്നു പറഞ്ഞു. കുറച്ചുദിവസം ഞാൻ കാത്തു. അച്ഛൻ ഒന്നും പറയുന്നില്ല. ഒരുദിവസം സ്കൂൾ ഉച്ചഭക്ഷണസമയത്തു ഞാൻ നേരെ വാഴേങ്കടയ്ക്കു നടന്നു. ആശാനെ കണ്ടു കാര്യം പറഞ്ഞു. ആശാൻ അന്ന് കോട്ടയ്ക്കൽ പിഎസ്വി നാട്യസംഘത്തിൽ അധ്യാപകനായിരുന്നു. പക്ഷേ അവിടെ കുട്ടികളെ എടുത്തു. അതുകൊണ്ടു കലാമണ്ഡലത്തിൽ എന്നെ ചേർക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു കലാമണ്ഡലം പദ്മനാഭൻനായരാശാന് ഒരു കത്തു തന്നു.
. പിന്നെ ആശാൻ എങ്ങനെ സദനം ആയി?
അന്ന് എന്റെ സഹോദരി പേരൂർ ഗാന്ധിസേവാ സദനത്തിൽ ടിടിസിക്കു പഠിക്കുകയായിരുന്നു. അവിടെ ഒരു കഥകളിവിഭാഗവും ആരംഭിച്ചിരുന്നു. ഒരുദിവസം കുഞ്ചുനായർ ആശാന്റെ നിർദേശപ്രകാരം ശിഷ്യരിലൊരാളായ കോട്ടയ്ക്കൽ ശങ്കരനാരായണൻ എമ്പ്രാന്തിരി ആശാൻ വീട്ടിലെത്തി. എന്നോട് സദനത്തിൽ വന്നു ചേരണം എന്ന് അറിയിച്ചു. 1956ൽ, പതിനഞ്ചാംവയസില് ഞാൻ സദനത്തിലെത്തി.
. ഗാന്ധിസേവാസദനം, കലാലോകത്ത് ആ പേരുതന്നെ വിചിത്രമാണല്ലോ?
അതേ. കുമാരേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന, സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ കെ. കുമാരൻ സ്ഥാപിച്ചതാണ് ഗാന്ധിസേവാസദനം. മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരം പേരൂർ എന്ന ഗ്രാമത്തിലെത്തി സാധാരണക്കാർക്കുവേണ്ടി സ്ഥാപിച്ച പ്രസ്ഥാനമാണത്. വിവിധ തൊഴിലുകൾ അഭ്യസിപ്പിക്കുക, കലാപഠനം, സ്കൂൾ തുടങ്ങിയവ കുമാരേട്ടൻ ആരംഭിച്ചു. അതിലൊന്നാണ് കഥകളി വിദ്യാലയം. എല്ലാവരും എല്ലാം പഠിക്കണം. എല്ലാ തൊഴിലും ചെയ്യണം. തികച്ചും ഗാന്ധിയൻ ജീവിതരീതി.
. ഗാന്ധിസവും ആശാന്റെ ജീവിതത്തിൽ പകർത്തി അല്ലേ?
തീർച്ചയായും. സ്വതവേ എനിക്ക് എല്ലാ ജോലികളും ചെയ്യാനും അറിയാനും ഇഷ്ടമാണ്. പാത്രനിർമാണം, വസ്ത്രനിർമാണം, പാചകം, ഇലക്ട്രീഷ്യൻ വർക്ക് തുടങ്ങി കുമാരേട്ടൻ അക്കാലത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ചുമരെഴുതാനും മൈക്ക് ഓപ്പറേറ്ററായുംവരെ ഞാൻ പോയിരുന്നു. ഇന്നും വീട്ടിൽ ഒരു ജോലി ആവശ്യംവന്നാൽ പരമാവധി ഞാൻ ശ്രമിച്ചശേഷമേ മറ്റൊരാളെ സഹായത്തിനു വിളിക്കൂ. അതോടൊപ്പം കഥകളി അഭ്യസിച്ചുവെന്നു പ്രത്യേകം പറയേണ്ടല്ലോ.
. അക്കാലത്തെ കഥകളിപഠനരീതി എങ്ങനെയായിരുന്നു?
പുലർച്ചെ മൂന്നുമുതൽ രാത്രി പത്തുവരെയാണ് പഠനം. മൂന്നിന് എഴുന്നേറ്റാൽ കണ്ണുസാധകം, കാൽസാധകം, ഉഴിച്ചിൽ ഏഴുമണിവരെ നീളും. തുടർന്ന് കുളി, ഭക്ഷണം കഴിഞ്ഞാൽ ഒൻപതുമുതൽ 12 വരെ ചൊല്ലിയാട്ടം. ഉച്ചഭക്ഷണം കഴിഞ്ഞാൽ രണ്ടുമുതൽ അഞ്ചുവരെ വീണ്ടും ചൊല്ലിയാട്ടം, കുളി, സന്ധ്യാപ്രാർഥനയൊക്കെ കഴിഞ്ഞാൽ ഏഴുമുതൽ വീണ്ടും ഒമ്പതുവരെ പഠനം. ഇതാണ് സാമാന്യേനയുള്ള ദിനചര്യ. പ്രധാന ഗുരുനാഥനായ തേക്കിൻകാട്ടിൽ രാവുണ്ണി നായാരാശാന് ഉറക്കം കുറവായിരുന്നു. പഠിപ്പിക്കാൻ തുടങ്ങിയാൽ സമയം നോക്കുകയില്ല. അതുകൊണ്ടു ഉച്ചയും രാത്രിയുമൊന്നും പലപ്പോഴും അറിയുകയില്ല. കഴിയുമ്പോൾ നിർത്തും അത്രമാത്രം.
. ആശാന്റെ അധ്യാപകരെക്കുറിച്ചു പറയൂ..
ആദ്യം അഭ്യസിപ്പിച്ചത് കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായാരാശാനും കോട്ടയ്ക്കൽ ശങ്കരനാരായണൻ എമ്പ്രാന്തിരി ആശാനും. ആറുമാസം കഴിഞ്ഞപ്പോൾ തേക്കിൻകാട്ടിൽ രാവുണ്ണിനായാരാശാന് അഭ്യസിപ്പിക്കാനെത്തി. അഞ്ചുവര്ഷത്തോളം ആശാൻ തന്നെയായിരുന്നു. അഭ്യാസത്തിന്റെ അവസാനകാലം ആയപ്പോൾ ആശാന് ശാരീരികാസ്വാസ്ഥ്യം ആരംഭിച്ചു. പഠിപ്പിക്കൽ നിറുത്തിയ മട്ടായി. അപ്പോൾ ഞങ്ങൾ കുട്ടികൾ വെറുതെയിരിക്കരുത് എന്നുവച്ചു കുമാരേട്ടൻ കൂടിയാട്ട ആചാര്യൻ പദ്മശ്രീ മണി മാധവച്ചാക്യാരെ കൊണ്ടുവന്നു. അദ്ദേഹം ഞങ്ങളെ കണ്ണുസാധകം, അഭിനയം എന്നിവ അഭ്യസിപ്പിച്ചു. തുടർന്ന് പദ്മശ്രീ കീഴ്പടത്തിൽ കുമാരൻനായരാശാൻ അധ്യാപകനായെത്തി. അക്കാലത്താണ് എനിക്ക് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ് കിട്ടിയത്. അതിൽ മൂന്നുകൊല്ലം ഞാൻ കുമാരൻനായരാശാന്റെ കീഴിൽ അഭ്യസിച്ചു. 1965ൽ പഠനം പൂർത്തിയാക്കി ഞാൻ പുറത്തിറങ്ങി.
. ആശാനെ എന്റെ കുട്ടിക്കാലത്തു കാണുന്നത് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ അധ്യാപകനായാണ്. എങ്ങനെ കലാനിലയത്തിലെത്തി?
പഠനം കഴിഞ്ഞപ്പോൾ പിന്നെ വേണ്ടത് അധ്യാപന പരിചയമാണല്ലോ. ആദ്യം ഞാൻ കഥകളി പഠിപ്പിച്ചത് കേരള കലാമണ്ഡലത്തിൽ ലീവ് വേക്കൻസിയിലാണ്. അവിടെ പഠിപ്പിക്കുന്ന കാലത്താണ് ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഭാരവാഹികൾ എന്നെ ഇവിടേക്ക് ക്ഷണിച്ചത്. അങ്ങനെ 1968ൽ ആയിരിക്കണം ഞാൻ ആദ്യമായി കലാനിലയത്തിൽ അധ്യാപകനായി.
. അന്നുമുതൽ ഇരിങ്ങാലക്കുടക്കാരനാണ്?
ഇവിടത്തെ അന്തരീക്ഷം എന്നെ ഇവിടെ പിടിച്ചുനിർത്തി. കൂടൽമാണിക്യം ക്ഷേത്രം. കലാനിലയത്തിലെ ജോലി, ധാരാളം കളികൾ, മികച്ച സഹപ്രവർത്തകർ, വിദ്യാർഥികൾ, നല്ല കഥകളി ആസ്വാദകർ എല്ലാം. കുറച്ചുകാലത്തിനുശേഷം ഞാൻ ജോലി ഉപേക്ഷിച്ചെങ്കിലും ഞാൻ ഈ നാട്ടിൽതന്നെ തുടർന്നു. കാലങ്ങൾക്കുശേഷം ഇവിടെനിന്നുതന്നെ വിവാഹവും കഴിച്ചു. സ്ഥിരതാമസവുമായി.
. പിന്നീട് സ്ഥാപനങ്ങളിൽ ജോലി ചെയ്തില്ലേ?
ഉവ്വ്. വീണ്ടും കലാമണ്ഡലത്തിൽ ഇടയ്ക്കുണ്ടാകും. സദനത്തിൽ കുമാരേട്ടൻ വിളിക്കുമ്പോൾ പോയി അഭ്യസിപ്പിക്കും. മൂന്നുവർഷത്തോളം പാറ്റ്ന നൃത്യകലാമന്ദിർ എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചു. തുടർന്ന് 1983ൽ കൊല്ലം കഥകളി ക്ലബ്ബിന്റെ നേതൃത്തിൽ കളരി ആരംഭിച്ചപ്പോൾ ക്ഷണിച്ചതിനെ തുടർന്നു നാട്ടിൽ തിരിച്ചെത്തി. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ കളരി നിലച്ചെങ്കിലും 1990 വരെ കൊല്ലത്തുതന്നെ താമസിച്ചു. പിന്നെ ഇരിങ്ങാലക്കുടയിൽ തന്നെ. മൂന്നുവർഷമായി തിരുവനന്തപുരം മാർഗി കഥകളി വിദ്യാലയത്തിൽ ആചാര്യനാണ്.
. ഈ അനുഭവസമ്പത്ത് എങ്ങനെ ഉപകാരപ്പെട്ടു?
ഒരുവിധം എല്ലാ ശൈലികളും എനിക്ക് അഭ്യസിക്കാനായി എന്നതാണ് വാസ്തവം. അതു പലർക്കും സാധിച്ചിട്ടില്ല. സദനം, കലാമണ്ഡലം, കലാനിലയം, കൊല്ലം.. ഇവിടങ്ങളിലുള്ള സമ്പർക്കംകൊണ്ട് കഥകളിയുടെ വ്യത്യസ്ത വഴികൾ അറിയാൻ സാധിച്ചു. അതുപോലെ മറ്റൊന്നാണ് അരങ്ങനുഭവം. തുടക്കം മുതൽ വടക്കൻ നാടുകളിലും തെക്കൻ കേരളത്തിലും ഒരുപോലെ എനിക്ക് ക്ഷണം ലഭിക്കാറുണ്ട്. പ്രഗത്ഭരായ കലാകാരന്മാർ, ആസ്വാദകർ, വ്യത്യസ്ത കഥകൾ എന്നിവയെല്ലാം എനിക്കു നൽകിയ അറിവുകൾ അമൂല്യമാണ്.
. ആശാന്റെ ശിഷ്യരെക്കുറിച്ചുകൂടി പറയൂ..
ദീർഘകാലം എവിടെയും തുടരാത്തതിനാൽ പൂർണമായി ആരെയും അഭ്യസിപ്പിക്കാൻ എനിക്ക് സാധിച്ചില്ല. കലാമണ്ഡലത്തിലുള്ളപ്പോൾ രാമചന്ദ്രൻ ഉണ്ണിത്താൻ, കെ. ഗോപാലകൃഷ്ണൻ, ശശീന്ദ്രൻ, ഹരിദാസ് തുടങ്ങിയവരെ അഭ്യസിപ്പിച്ചു. കലാനിലയത്തിൽ എത്തിയപ്പോൾ ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, മോഹൻകുമാർ, ഗോപി തുടങ്ങിയവരായി ശിഷ്യർ. സദനത്തിൽ ഭാസിയടക്കം ചിലരുണ്ട്. ഇവരെല്ലാവരുംതന്നെ കഥകളിലോകത്ത് അംഗീകാരം നേടിയവരാണ് എന്നതിൽ എനിക്കും അഭിമാനിക്കാമല്ലോ.
. എല്ലാ കഥകളി അരങ്ങുകളിലും ആശാന്റെ പേര് കേൾക്കാം. എങ്ങനെയാണ് ഈ സ്വീകാര്യത ലഭിച്ചത്?
പഠിക്കുന്ന കാലത്തു സദനത്തിനു ധാരാളം കളികൾ ഉണ്ടായിരുന്നു. കുമാരൻനായരാശാൻ ട്രൂപ് കളികളിൽ ഞങ്ങൾ ശിഷ്യർക്ക് മുഖ്യവേഷം തീരുമാനിക്കും. ആശാൻ അതുകണ്ടു ഗുണദോഷം പറഞ്ഞുതരും. രാവുണ്ണിനായരാശാന് തെക്കൻ കേരളത്തിലും സ്ഥാനമുണ്ടായിരുന്നതിനാൽ ആശാൻ പോകുമ്പോൾ എന്നെയാണ് കൂട്ടുക. അപ്പോൾ അവിടെയും അക്കാലംമുതൽ പോകാനും വേഷങ്ങൾ കെട്ടാനും സാധിച്ചു. പിന്നെ പഠനം കഴിഞ്ഞതുമുതൽ എനിക്ക് അരങ്ങിൽ പ്രവർത്തിക്കണം എന്നതുമാത്രമായിരുന്നു ആഗ്രഹം. അപ്പോൾ കിട്ടുന്ന വേഷങ്ങൾ ഏതായാലും ആത്മാർഥമായി അവതരിപ്പിച്ചു. അതുകൊണ്ടു നാൾക്കുനാൾ അവസരം ലഭിച്ചു.
. ആശാന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം ശ്രീകൃഷ്ണനാണ്. എല്ലാ വേഷങ്ങളും കെട്ടും എന്നുമറിയാം. ആശാന് ഇഷ്ടപ്പെട്ട വേഷം ഏതാണ്?
അതു പറയുകയില്ല. എല്ലാ വേഷങ്ങളും ഒരേ ആത്മാർഥതയോടെ അവതരിപ്പിക്കണം എന്നാണ് ആഗ്രഹം. അതാണ് ചെയ്യാറും. ആദ്യകാലത്തൊക്കെ കൂടുതൽ ശാരീരിക അധ്വാനമുള്ള വേഷങ്ങളാണ് എനിക്ക് സംഘാടകർ തീരുമാനിച്ചിരുന്നത്. ഏതായാലും സന്തോഷം മാത്രം. പിന്നെ ഏതു വേഷത്തിനുമിണങ്ങും എന്നൊക്കെ ആസ്വാദകർ പറയുന്നതിനു കാരണം ഈശ്വരാനുഗ്രഹമാണല്ലോ.
. നാട്ടിലും വിദേശത്തുമുള്ള അരങ്ങനുഭവവും ആസ്വാദനവും വ്യത്യസ്തമാണോ?
ശ്രദ്ധ അവിടെയും ഇവിടെയുമുണ്ട്. ഇവിടുള്ളവർക്ക് അറിയുന്നതു കഥകളും പുരാണങ്ങളുമാണല്ലോ. അറിയാത്തതുകൊണ്ട് വിദേശികൾക്കു ശ്രദ്ധ കൂടും. ആസ്വാദനത്തിൽ അച്ചടക്കവും കൂടും. കൃത്യനിഷ്ഠ അവിടത്തെ അരങ്ങുകളിൽ മുഖ്യമാണ്. മുൻപ് വിദേശത്തു വളരെ കുറഞ്ഞ സമയംകൊണ്ടാണ് കഥകളി അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് നാട്ടിലേതുപോലെ മുഴുരാത്രി, വിശദമായ അവതരണം എന്നിവ വിദേശത്തുമായി. നാട്ടിലേതുപോലെവേണം എന്നാണ് അവിടത്തെ പല സംഘാടകരും ആവശ്യപ്പെടുന്നത്.
. പ്രധാനപ്പെട്ട പല പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്..
ഗുരുനാഥന്മാരുടെ അനുഗ്രഹം. 1978ലാണ് ആദ്യ പുരസ്കാരം. അതും കൊല്ലത്തുനിന്ന്. പിന്നീട് ഇന്നോളം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ രത്ന അവാർഡ്, സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, ടെക്സസ് യൂണിവേഴ്സിറ്റിയുടെ ടൈറ്റിൽ, തിരൂർ മലയാളം സർവകലാശാലയുടെ ഡി ലിറ്റ് എന്നിവയൊക്കെ കിട്ടി.
. ആശാന് കുടുംബം നൽകുന്ന പിന്തുണ?
തുടക്കം മുതൽ സ്ഥിരവരുമാനമില്ലാത്ത ജീവിതമായതിനാൽ കിട്ടുന്നത് ദുർവ്യയംചെയ്യുക പതിവില്ല. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾ അനുസരിച്ചു വീട്, ഭാര്യ, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റി എന്ന് വിശ്വസിക്കുന്നു. കുടുംബാംഗങ്ങൾക്കും കഥകളി എന്നാല് പ്രധാനമാണ്. മകന് പഠിച്ചിട്ടുണ്ട്, മകള് നര്ത്തകിയാണ്. അന്നും ഇന്നും കുടുംബം ഒഴിവാക്കി മറ്റൊരു ജീവിതം ഇല്ല.
. ഇതിനിടയിൽ സിനിമയിലും നായകനായി?
1989ൽ ആണത്. കാവാലം നാരായണപണിക്കർ രചിച്ച് ജി. അരവിന്ദൻ സംവിധാനംചെയ്ത മാറാട്ടം. ഷാജി എൻ. കരുൺ ആയിരുന്നു കാമറ. ഊർമിള ഉണ്ണി നായിക. കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം സംബന്ധിച്ച കഥ. കഥകളി കലാകാരനോട് തമ്പുരാട്ടിക്കു തോന്നുന്ന ഭ്രമം. എന്റെ കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ.
. ആശാൻ ഈ പ്രായത്തിലും അഭിനയിക്കുന്നു. തുടർച്ചയായ യാത്രകൾ, ഉറക്കമൊഴിച്ചുള്ള അവതരണം. ഞങ്ങൾക്ക് അദ്ഭുതമാണ്. ആശാൻ എങ്ങനെ സ്വയം നോക്കിക്കാണുന്നു?
പഠിക്കുന്ന കാലംമുതൽ വേഷംകെട്ടുക എന്നതുമാത്രമായിരുന്നു ഒരേയൊരു ആഗ്രഹം. ബാക്കിയൊന്നും അന്നും ഇല്ല ഇന്നുമില്ല. വേഷം, പ്രതിഫലം, സഹ കലാകാരന്മാർ എന്നീ വിഷയങ്ങൾ ഒന്നും എന്റെ മനസിലേക്ക് വരികയില്ല. കളിക്കു ക്ഷണിച്ചാൽ പോവുക അതുമാത്രം ആയിരുന്നു ഇത്രയുംകാലം. ഇപ്പോൾ പ്രായത്തിന്റെതായ ചില നിബന്ധനകൾ വയ്ക്കാറുണ്ടെങ്കിലും അതും ഈ അടുത്തുമാത്രം തുടങ്ങിയതാണ്. ആ മനസ് നിലനിര്ത്താന് കഴിഞ്ഞു. പിന്നെ ആരോഗ്യം അതും ഉത്തരവാദിത്വത്തോടെ നിലനിര്ത്തുക. മനസിനും ആരോഗ്യത്തിനും ദോഷമായി ഭവിക്കുന്ന ഒന്നും ചെയ്യുകയോ, ഉപയോഗിക്കുകയോ ഇല്ല.
. ഞാൻ ചെറുപ്പത്തിൽ കഥകളിവേഷം കെട്ടിയിരുന്നപ്പോൾ ആശാൻ കാണാൻ വന്നിരുന്നു. ഇടവേളയ്ക്കുശേഷം രണ്ടുവർഷം മുൻപ് കെട്ടിയപ്പോഴും ആശാൻ മുഴുവനിരുന്നു കണ്ടു. ആശാൻ ഒരു നല്ല ഒരു കഥകളി പ്രേക്ഷകൻ കൂടിയാണ്്?
കഥകളി കാണാൻ അവസരമുള്ളിടത്തോളം കാണും. ആരുടെ എന്നില്ല. ഞാനുള്ള പരിപാടിയാണെങ്കിൽ എന്റെ വേഷത്തിനുമുമ്പുള്ളതും കഴിഞ്ഞുള്ളതും കാണും. ബിന്ദു എന്ന കുട്ടിയുടെ വേഷം കണ്ട അതേ കൗതുകം രണ്ടുവർഷം മുൻപ് മന്ത്രി കളിച്ചപ്പോഴും എനിക്കുണ്ട്. ഒന്നാംദിവസം ദമയന്തിയാണല്ലോ ടീച്ചർ അവതരിപ്പിച്ചത്. ഒട്ടും ചെറിയ ഒരു വേഷമല്ല. രണ്ടുമണിക്കൂറോളം നീളുന്ന ഒറ്റ രംഗം. വിവിധ ഭാവങ്ങൾ അവതരിപ്പിക്കുകയും വേണം. പദം, മുദ്ര, കലാശങ്ങള്. ഈ തിരക്കിനിടയിലും അതെല്ലാം ഒട്ടും പിഴയ്ക്കാതെ അവതരിപ്പിച്ചത് കണ്ടപ്പോൾ ആശ്ചര്യമാണ് തോന്നിയത്. തികച്ചും അഭിനന്ദനാർഹമാണ്.
. പുതിയ തലമുറയ്ക്ക് നൽകാനുള്ള ഉപദേശം?
കല എന്നതൊരു സംസ്കാരമാണ്. മറ്റുള്ളവരെ ആനന്ദിപ്പിക്കാൻ അവസരം ലഭിക്കുന്നവരാണ് കലാകാരന്മാർ. അതിനാദ്യം സ്വയം പാകമാവണം. മറ്റുള്ളവരോടുള്ള ഉത്തരവാദിത്വം നിറവേറ്റണം. കഴിയുന്നത്ര വിദ്യാഭ്യാസം നേടണം. കുടുംബത്തിനു ദോഷംവരുന്ന രീതിയിൽ ജീവിക്കരുത്. സർവോപരി ആത്മാർഥമായി കലയിൽ പ്രവർത്തിക്കണം. ബാക്കിയെല്ലാം തേടിയെത്തിക്കൊള്ളും.
SUNDAY DEEPIKA
ഒരു പോസ്റ്റ് ഓഫീസാണ് രംഗം. ഒരുദിവസം രാവിലെ ഒരു സ്ത്രീ കോപാകുലയായി കൗണ്ടറിലെത്തി. ""എന്താണ് പ്രശ്നം?'' ജീവനക്കാരി ശാന്തയായി ചോദിച്ചു. ""ഞാൻ ഷോപ്പിംഗിനു പോയിരിക്കുകയായിരുന്നു.'' ആ സ്ത്രീ പറഞ്ഞുതുടങ്ങി. ""വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളുടെ വാതിലിനു മുന്നിൽ ഒരു കാർഡ് കണ്ടു. പോസ്റ്റ്മാൻ ഒരു പാഴ്സൽ എത്തിക്കാൻ വന്നിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നെന്നും അതിൽ എഴുതിയിരുന്നു.''
ഒരുനിമിഷം ശ്വാസം വലിച്ചുവിട്ട് ആ സ്ത്രീ തുടർന്നു: ""എന്നാൽ ഞാൻ പറയുന്നു, എന്റെ ഭർത്താവ് ഇന്നു മുഴുവൻസമയവും വീട്ടിലുണ്ടായിരുന്നു. ആരും ബെൽ അടിച്ചതായി അദ്ദേഹം കേട്ടില്ല എന്നാണ് എന്നോടു പറഞ്ഞത്!'' ജീവനക്കാരി ഉടനെ ക്ഷമാപണംചെയ്ത് അകത്തുപോയി പാഴ്സൽ കൊണ്ടുവന്നു. അപ്പോൾ ആ സ്ത്രീയുടെ മുഖം തെളിഞ്ഞു. ""എത്ര നാളായി ഇതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.'' ആ സ്ത്രീ പറഞ്ഞു.
അപ്പോൾ കൗതുകപൂർവം ജീവനക്കാരി ചോദിച്ചു: ""എന്താണ് ഈ പാഴ്സലിൽ?'' ഉടനെ അഭിമാനപൂർവം ആ സ്ത്രീ പറഞ്ഞു: ""എന്റെ ഭർത്താവിന്റെ പുതിയ ഹിയറിംഗ് എയ്ഡ്.'' ഒരു നിമിഷത്തെ നിശബ്ദത. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ജീവനക്കാരി പറഞ്ഞു: ""ഇനി ആരെങ്കിലും ബെല്ലടിച്ചാൽ അദ്ദേഹം കേൾക്കും!''
ഈ കഥ രസകരമാണ്. എന്നാൽ ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. അതായത്, നാം പറയുന്ന കാര്യങ്ങൾ എല്ലാവരും എപ്പോഴും കേൾക്കണമെന്നില്ല. പ്രത്യേകിച്ചും ചെവി കേൾക്കുന്നതിനാവശ്യമായ ഉപകരണം ആവശ്യമുള്ളവർ. വേറൊരുകാര്യം- ചെവിയുള്ളതുകൊണ്ട് മറ്റുള്ളവർ നമ്മെ എപ്പോഴും കേൾക്കണമെന്നില്ല. കാരണം, ചില ആളുകൾക്ക് നമ്മെ കേൾക്കുവാൻ താല്പര്യം ഉണ്ടാവണമെന്നില്ല.
ദൈവത്തിന്റെ കാര്യവും ഇങ്ങനെയാണോ? നമ്മുടെ പ്രാർഥനയുടെ ഫലം ഉടനെ കാണാതെവരുന്പോൾ ചിലപ്പോൾ നാം സംശയിച്ചുപോയേക്കാം. എന്നാൽ സംശയിക്കേണ്ട. നമ്മുടെ പ്രാർഥന എപ്പോഴും ശ്രവിക്കുന്നവനാണ് ദൈവം. അതുമല്ല, നമ്മുടെ സ്നേഹമസൃണമായ പ്രാർഥനകൾ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നവനുമാണ് അവിടുന്ന്.
എങ്ങനെയാണ് ദൈവത്തിന് എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കാൻ സാധിക്കുക? ദൈവത്തിന് ഒരു കാര്യത്തിലും പരിമിതികൾ ഇല്ല എന്നതുതന്നെ കാരണം. നമ്മെ കേൾക്കാൻ കഴിയാത്ത നിമിഷമോ ശ്രദ്ധ പതറിപ്പോകുന്ന സമയമോ നമ്മെ മറക്കുന്ന സമയമോ അവിടുത്തേക്കില്ല. ദൈവവചനം പറയുന്നു: ""അവരുടെ നിലവിളി കേൾക്കുന്നതിൽ അവിടത്തെ ചെവികൾ ശ്രദ്ധിക്കുന്നു'' (സങ്കീ 34:15)
അതുപോലെ ദൈവവചനം വീണ്ടും പറയുന്നു: ""പ്രാർഥിച്ചുതീരുംമുന്പേ ഞാൻ അതു കേൾക്കും'' (ഏശയ്യാ 65:24). ദൈവം നമ്മെ കേൾക്കുന്നത് നമ്മുടെ വാക്കുകളുടെ മഹത്വംകൊണ്ടല്ല. പ്രത്യുത, അവിടത്തെ സ്നേഹം മഹത്തായതുകൊണ്ടാണ്. ദൈവം നമ്മെ കേൾക്കുന്നത് നാം അതിന് അർഹരായതുകൊണ്ടല്ല. പ്രത്യുത, അവിടന്ന് നമ്മുടെ പിതാവായതുകൊണ്ടാണ്.
ദൈവം നമ്മെ കേൾക്കുന്നത് അവിടന്ന് സ്നേഹമായിരിക്കുന്നതുകൊണ്ടാണ്. കേൾക്കുക എന്നത് സ്നേഹത്തിന്റെ ഉന്നതമായ ഒരു പ്രവൃത്തിയാണ്. ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നാം അവിടത്തേക്ക് വിലപ്പെട്ടവർ ആയതാണ്. നമ്മുടെ ""തലയിലെ ഓരോ മുടിയിഴയും എണ്ണിയിരിക്കുന്നു'' (മത്തായി 10:30). ദൈവം എത്ര കൂടുതലായി നമ്മുടെ കണ്ണീർ കാണുകയും പ്രാർഥനകൾ കേൾക്കുകയും ചെയ്യും!
ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നമ്മുടെ വിശ്വാസം അവിടത്തെ സന്തുഷ്ടനാക്കുന്നു എന്നതാണ്. അതുകൊണ്ടല്ലേ ""വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്'' എന്നു ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നത് (11:6).
എന്നാൽ വിശ്വാസത്തോടുകൂടെ നാം പ്രാർഥിക്കുന്പോഴും ചിലപ്പോൾ നാം പ്രാർഥിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെപോകുന്നു. എന്തായിരിക്കാം അതിനു കാരണം? ഒരുപക്ഷേ നമ്മുടെ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നാം കാണുന്നുണ്ടാവൂ. എന്നാൽ ദൈവം അതിന്റെ പൂർണചിത്രം വ്യക്തമായി കാണുന്നു. അതിനാൽ നമ്മുടെ ഭാവിജീവിതം മുഴുൻ കണ്മുന്നിൽ കണ്ടുകൊണ്ടാണ് അവിടന്ന് തീരുമാനങ്ങൾ എടുക്കുന്നത്.
പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരിക്കുന്നത് ചിലപ്പോൾ വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്താനോ, നമ്മെ കൂടുതൽ ശക്തിയുള്ളവരും നന്ദിയുള്ളവരും വിശുദ്ധിയുള്ളവരുമൊക്കെയായി മാറ്റിയെടുക്കാനോ വേണ്ടിയായിരിക്കണം. അതുപോലെ ദൈവത്തിന്റെ മൗനത്തിൽപ്പോലും അർഥമുണ്ട് എന്നത് നാം മറക്കരുത്. ദൈവത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവിടന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി ഭവിപ്പിക്കുന്നു എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? (റോമാ 8:28).
അപ്പോൾപ്പിന്നെ പ്രാർഥിക്കാൻ നാം മടിക്കേണ്ട. വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ'' (ഫിലിപ്പി 4:9). ദൈവപുത്രനായ യേശു നമ്മെ പഠിപ്പിക്കുന്നു: ""ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും'' (മത്തായി 7:7). ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ അവിടന്ന് നമ്മെ ഓർമപ്പെടുത്തുന്നുമുണ്ട് (ലൂക്കാ 18:1-8).
അതേ, എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കുന്നവനാണ് ദൈവം. നാം ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾതന്നെ ലഭിക്കുന്നില്ലെങ്കിലും പ്രാർഥനയിലൂടെ മനസ് ദൈവത്തിലേക്കുയർത്തുന്ന ഓരോ നിമിഷവും സമൃദ്ധമായി പരിശുദ്ധാത്മാവിനെ അവിടന്ന് നമുക്കു നൽകുമെന്നല്ലേ യേശു പഠിപ്പിച്ചിരിക്കുന്നത്? (ലൂക്കാ 11:13). നമ്മുടെ എല്ലാ പ്രാർഥനകളോടും ദൈവം പ്രതികരിക്കുകയും പരിശുദ്ധാത്മാവിനെ നൽകി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നു സാരം.
NRI
റിയാദ്: 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു.
ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. 25ന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.
നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്.
സൃഷ്ടികൾ [email protected] എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിൽ അയക്കുക.
മെയിൽ ബോഡിയിൽ പേര്, മൊബൈൽ നമ്പർ, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിർബന്ധമായും ചേർക്കുക.
രചയിതാവിന്റെ പേരും വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫിൽ ചേർക്കരുത്.
SUNDAY DEEPIKA
തൊണ്ണൂറുകളുടെ തുടക്കത്തിൽ 150 രൂപ ദിവസക്കൂലി വാങ്ങിയിരുന്ന ജൂണിയർ ബാക്ക്ഗ്രൗണ്ട് പെർഫോർമർ. ഇന്ന് അയാളുടെ മൂല്യം 157 കോടി രൂപ!. "ഇന്ത്യയുടെ സുവർണ ശബ്ദം' എന്നാണ് ഇപ്പോൾ അയാൾ അറിയപ്പെടുന്നത്..
"ജോ ജീത്താ വോ ഹി സിക്കന്ദർ' സൂപ്പർഹിറ്റായ ഒരു സിനിമയാണ്. അതിലെ മനോഹരമായ പാട്ടുകൾ ഇന്നും സംഗീതപ്രേമികളുടെ ഹൃദയങ്ങളിലുണ്ട്. പറയുന്നത് ആ പാട്ടുകളെക്കുറിച്ചല്ല. ചിത്രത്തിലൊരിടത്ത് പാട്ടുകളുടെ ഒരു മെഡ്ലേയുണ്ട്. ഒരു നിമിഷം ഒരു യുവാവ് സാക്സഫോൺ വായിച്ച് സ്ക്രീനിൽ മിന്നിമറിയുന്നു. ഒരുപക്ഷേ അയാൾക്കുപോലും സ്വയം തിരിച്ചറിയാൻ പ്രയാസമായിട്ടുണ്ടാവും. ജൂണിയർ ആർട്ടിസ്റ്റിന്റെ പണിക്ക് അന്നയാൾക്ക് ദിവസേന 150രൂപയാണ് പ്രതിഫലംകിട്ടുക.
അതിലയാൾ സംതൃപ്തനായിരുന്നു. തന്റെ നല്ലസമയം വരുമെന്ന് ഉറച്ചുവിശ്വസിച്ചു. ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി മുഖത്തുനിന്ന് ഒരിക്കലും മാഞ്ഞില്ല. അത് ഇപ്പോഴും അയാളുടെ മുഖത്ത് തിളങ്ങുന്നുണ്ട്. ചെറിയൊരു വ്യത്യാസംമാത്രം. ജൂണിയർ പെർഫോർമർ എന്ന മേൽവിലാസം മാറിയിരിക്കുന്നു. ഗോൾഡൻ വോയ്സ് ഓഫ് ഇന്ത്യ എന്നാണ് അയാളിപ്പോൾ അറിയപ്പെടുന്നത്. 150 രൂപ ദിവസക്കൂലിയിൽനിന്ന് അയാളുടെ മൊത്തം മൂല്യം 157 കോടി രൂപയായി ഉയർന്നിരിക്കുന്നു. അയാളാണ് ശന്തനു മുഖർജി.., ആരാധകരുടെ പ്രിയപ്പെട്ട ഷാൻ!
കാതിൽ തേൻമഴയായ്
ഷാനിന്റെ സൂപ്പർഹിറ്റുകളെക്കുറിച്ച് പറയുംമുന്പ് മറ്റൊരു പാട്ടു കേൾക്കണം. യുട്യൂബിൽ കാതിൽ തേൻമഴയായ് ബൈ ഷാൻ എന്നു സെർച്ച് ചെയ്യുക. കേരളത്തിൽ ഒരു ചാനലിന്റെ അവാർഡ് നൈറ്റിൽ ഷാൻ പാടിയതാണ് സലിൽ ചൗധരിയുടെ ഈണത്തിലുള്ള ആ സുന്ദരഗാനം. ഒരു ബംഗാളി സംഗീതസംവിധായകന്റെ ഈണത്തിലുള്ള മലയാളം പാട്ട് ബംഗാളി വേരുകളുള്ള ഗായകൻ പാടുന്നു! അതും മലയാളത്തിനെ ഒട്ടും നോവിക്കാതെ. ഭാവവും ഉച്ചാരണവും ഇത്രയും മനോഹരമാക്കാൻ മലയാളമറിയാത്ത ഒരു ഗായകനു കഴിയുമോ എന്ന് അദ്ഭുതപ്പെടുന്നു കേൾവിക്കാർ. യേശുദാസും ചിത്രയും പാടിവച്ച പാട്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ഷാനിനു കഴിഞ്ഞു. ഒരു ഗസൽപോലെ മനോഹരമെന്ന് കമന്റുകൾ നിറയുന്നു.
പരസ്യജിംഗിളുകൾ പാടിയാണ് ഷാൻ സംഗീതരംഗത്തേക്കുവന്നത്. ഒപ്പം റീമിക്സുകളും കവർ വേർഷനുകളും പാടി. സഹോദരിയുമായി ചേർന്ന് മാഗ്നാസൗണ്ട് റെക്കോർഡിംഗ് കന്പനിയിലൂടെ ഏതാനും ആൽബങ്ങൾ പുറത്തിറക്കിയത് ശ്രദ്ധിക്കപ്പെട്ടു. തൻഹാ ദിൽ എന്ന ആൽബത്തിലെ അതേ വരികളുള്ള പാട്ട് സൂപ്പർ ഹിറ്റായി. 1999ൽ പുറത്തിറങ്ങിയ പ്യാർ മേ കഭീ കഭീ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മുസു മുസു ഹാസി എന്ന പാട്ടിന് ഇന്നും ആരാധകരുണ്ട്. തുടർന്നങ്ങോട്ട് ഒട്ടേറെ മികച്ച ഗാനങ്ങൾ ഷാനിന്റെ ശബ്ദത്തിൽ കേട്ടു.
റൊമാന്റിക് മെലഡികൾക്കും ഡാൻസ് നന്പറുകൾക്കും കണ്ണുനനയിക്കുന്ന ഗാനങ്ങൾക്കും ഇണങ്ങുന്നതാണ് ഷാനിന്റെ സ്വരം. ദാസ്താ- എ- ഓം ശാന്തി ഓം, ചാന്ദ് സിഫാരിഷ്, ബെഹ്തി ഹവാ സാ ഥാ വോ, മേ ഹൂ ഡോണ്, വോ ലഡ്കീ ഹേ കഹാം തുടങ്ങിയ പാട്ടുകൾക്ക് ഭാഷയുടെ അതിർത്തിക്കപ്പുറം ആരാധകരുണ്ടായി. കണ്ണഞ്ചിപ്പിക്കുന്ന മികവുമായാണ് ഷാനിന്റെ ലൈവ് ഷോകൾ അരങ്ങേറുക. ഒരു സിനിമാ പാട്ടിന് മൂന്നു ലക്ഷം വരെയും ലൈവ് പെർഫോർമൻസുകൾക്ക് 22 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുമാണ് ഷാനിന്റെ പ്രതിഫലമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കിഷോർ ആരാധകൻ
ഏറ്റവും "കിറുക്കനായ' കിഷോർ കുമാർ ആരാധകനാണ് താനെന്ന് ഷാൻ പറയാറുണ്ട്. ""ശബ്ദം, വ്യക്തിത്വം എന്നിവയിലെ അനന്യതയ്ക്ക് അപ്പുറം അദ്ദേഹത്തിന്റെ ജീവിതമൊന്നാകെ പ്രചോദനം തരുന്നതാണ്. സ്വന്തം കൊട്ടാരത്തിലെ രാജാവായിരുന്നു കിഷോർദാ. ഒരാൾക്കും അദ്ദേഹത്തിന്റെ ലെവലിൽ എത്താൻ സാധിക്കില്ല.
വളരെ ചെറുപ്പത്തിൽതന്നെ ഞാനൊരു കാര്യം മനസിലാക്കി- ഒരുവിധത്തിലും എന്റെ ശബ്ദം അദ്ദേഹത്തിന്റേതുപോലെയാവില്ല. ആ ശബ്ദം അനുകരിക്കാനോ ഒരു ജൂണിയർ കിഷോർ കുമാർ ആവാനോ കഴിയില്ല. അങ്ങനെയാണ് അദ്ദേഹം പാട്ടുകൾക്കു നൽകുന്ന ജീവനും ഉൗർജവും പഠിച്ചെടുക്കാൻ തീരുമാനിച്ചത്. പാട്ടുകൾ വെള്ളംപോലെ ഒഴുകിവരണം. ആളുകൾ ആസ്വദിക്കണം''- ഷാൻ പറയുന്നു.
മുന്നേറണമെന്ന ആഗ്രഹവും, ഒരിക്കലും അവസാനിക്കാത്ത പരിശ്രമവുമുണ്ടെങ്കിൽ വിജയിക്കാമെന്നതിനുള്ള തെളിവാണ് ഷാനിന്റെ സംഗീതജീവിതം.
Passion Project
സ്വന്തം സ്വതന്ത്ര മ്യൂസിക് ലേബലായ ഷാൻ മ്യൂസിക്കിലൂടെയാണ് ഷാനിന്റെ പുതിയ പാട്ട് തേരാ ഹോ രഹാ പുറത്തിറക്കിയത്. ഷാൻ മ്യൂസിക്കിനെ ഒരു ബിസിനസായല്ല, പാഷൻ പ്രോജക്ട് ആയാണ് അദ്ദേഹം കാണുന്നത്.
""ലാഭം നോക്കിയല്ല ഇതു ചെയ്യുന്നത്. ഓരോ റിലീസും കേൾവിക്കാർ ഇഷ്ടപ്പെടുന്നു, അതുവഴി അവരുമായുള്ള ബന്ധം നിലനിൽക്കുന്നു എന്നതെല്ലാം ഉറപ്പുവരുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. സ്വാഭാവികമായും യുവതലമുറയിലേക്ക് പാട്ടുകൾ എത്തണമെന്നും ആഗ്രഹിക്കുന്നു. പുതിയ പ്രതിഭകളെ എന്റെ ലേബലിലൂടെ ഉറപ്പായും അവതരിപ്പിക്കുകയും ചെയ്യും.''
Samskarikam
സമാധാനത്തിന്റെ, ആശ്വാസത്തിന്റെ അവസാന വാക്കായിരുന്നു ജയദേവന് എന്നും എപ്പോഴും അമ്മ. അസ്വസ്ഥതകള് ചിറകുവിരിച്ചു കൂര്ത്ത പല്ലും നഖവുമായി കൂട്ടമായി കടന്നാക്രമിക്കുമ്പോള് അമ്മ അവയെ ആട്ടിയോടിച്ചു.
അയാളുടെ നെറുകയില് തലോടി, തലമുടിയിഴകളില് അമ്മയുടെ ശുഷ്ക്കിച്ച കൈവിരലുകള് ഓടിനടന്നു. അവിടെ സുരക്ഷിതത്വത്തിന്റെ ഒരു ശാന്തിമന്ത്രം അലയടിക്കുമായിരുന്നു. ആ സ്വര്ഗീയ നിമിഷങ്ങളില് അമ്മയുടെ മടിയില് തലവച്ചു പലപ്പോഴും അയാളുറങ്ങിയിരുന്നു.
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷങ്ങളെതേടി എത്ര തിരക്കായാലും എത്ര ദൂരത്തിലായാലും അയാള് ഇന്നും ഇടയ്ക്കിടെ കുതിച്ചെത്തുമായിരുന്നു. സ്വസ്തി.
മനസിലെ കളകള് പാടെ പിഴുതെറിയുന്ന സമയം ആയിരിക്കും അത്. മനസിന്റെ ആഴങ്ങളിലെ കറുത്ത കാര്മേഘങ്ങള് പെയ്തൊഴിഞ്ഞിരിക്കും. തന്റെ സങ്കടങ്ങള് എല്ലാം അയാള് അമ്മയോട് പറയുമായിരുന്നു. അമ്മ അതെല്ലാം മൂളിക്കേള്ക്കും.
അമ്മയുടെ മാന്ത്രിക സ്പര്ശമുള്ള തലോടലില് അതെല്ലാം ഉരുകിയൊലിച്ചു പോകുന്നത് അയാളറിയുമായിരുന്നു. പലപ്പോഴും അയാള് അമ്മയുടെ മടിയില് തലവെച്ചു കൊച്ചു കുട്ടികളെപ്പോലെ കരയുകയും ചെയ്യുമായിരുന്നു.
ഹൃദയാഴങ്ങളിലെ മുറിപ്പാടുകളില് നിന്നും കിനിയുന്ന തന്റെ ദുഃഖഭാണ്ഡത്തിലെ വേദനകള് പെയ്തൊഴിയുന്നത് വരെ. അമ്മ അയാളെ തടസപ്പെടുത്തിയിരുന്നുമില്ല. ഒടുവില് ദുഃഖ ഭാണ്ഡത്തില് ഒന്നും അവശേഷിപ്പിക്കാതെ അയാള് തിരിച്ചു പോകും.
അപ്പോഴും അമ്മ നിര്വികാരയായിരിക്കും. അത് തന്റെ സ്വാര്ഥതയാണെന്നു പലപ്പോഴും ജയദേവനും തോന്നിയിരുന്നു... തനിക്കു മാത്രമേ ഈ ലോകത്തില് പ്രയാസങ്ങളുള്ളൊ.? പ്രായമായ ഈ അമ്മയ്ക്ക് കാണില്ലേ. അറിയില്ല. ചോദിക്കാറുമില്ല.
അകെ അയാള്ക്ക് പറയാനുണ്ടായിരുന്നത് സ്വന്തം പ്രയാസങ്ങള് മാത്രമായിരുന്നല്ലോ. അമ്മയെ വിട്ടു പോകുന്ന ഓരോ നിമിഷത്തിലും അയാള് ഒരുപാട് വേദനിച്ചു. തിരക്കുകളില് നിന്നും തിരക്കുകളിലുള്ള ഓട്ടപ്പാച്ചിലിനിടയില് കിട്ടുന്ന ഇടവേളകില് അയാള് അമ്മയുടെ അടുത്തേക്ക് പാഞ്ഞെത്തുകയായി.
അയാള് പിന്നെ അമ്മയുടെ കുഞ്ഞുജയയായി. അമ്മയുടെ മടിയില് തലവച്ചു കിടക്കും. അമ്മ പതിയെ അയാളുടെ തലമുടിയിഴകളില് കൈയ്യോടിക്കും. താരാട്ടു പാടും, പതിയെ തട്ടിയുറക്കുകയും ചെയ്യും.
അവിടം ശാന്തിയാണ്. സമാധാനത്തിന്റെ പറുദീസയാണ്. അയാള് എല്ലാ മാനസിക സംഘര്ഷങ്ങളും അവിടെ ഇറക്കി വയ്ക്കുകയയായി. കണ്ണുകള് അടഞ്ഞുവരുന്നു. ജയദേവന് സമാധാനത്തോടെ ഉറങ്ങി.
കുത്തിയൊലിക്കുന്ന മഴയായിരുന്നു പുറത്ത്. കൊടും തണുപ്പും. ""ഉടനെയൊന്നും തോരുന്ന ലക്ഷണമില്ല'. മണ്തറയിലെ കല്ലടുപ്പിന്റെ ചുവട്ടിലിരുന്നുതീ കാഞ്ഞു കൊണ്ട് അച്ഛന് പറഞ്ഞു. തെരുവപ്പുല്ല് മേഞ്ഞ പുരയായതു കൊണ്ട് മഴ തുള്ളികള് വീടിനു പുറത്തു വീഴുന്നത് കേള്ക്കാനും കഴിയില്ല.
പക്ഷെ, മുറ്റത്ത് മഴ ഊക്കോടെ വന്നു പതിക്കുന്നത് ശരിക്കറിയാനുമാകും. തുള്ളിക്കൊരു കുടം വെച്ച് ഭൂമിയിലേക്ക് പതിക്കുന്ന മഴയുടെ ശബ്ദം. ഒപ്പം നല്ല കാറ്റും. പുറത്ത് മരങ്ങള് ആടിയുലയുന്നു. ഇപ്പോള് ലോകം അവസാനിക്കുമെന്നൊരു തോന്നല്.
വീഞ്ഞപ്പെട്ടിയുടെ പലകകള് അടര്ത്തിയുണ്ടാക്കിയ കതകു പാളികള്ക്കു ജീവന് വെക്കുന്നത് കുഞ്ഞു ജയദേവന് ഭീതിയോടെ നോക്കി നിന്നു.. അമ്മ മഴയ്ക്ക് മുന്പേ പെറുക്കിക്കൂട്ടിയ കശുവണ്ടി ചുട്ടെടുത്തു പൊട്ടിക്കുന്ന തിരക്കിലാണ്.
അമ്മയുടെ കൈകളില് നിറയെ കശുവണ്ടിത്തോടിന്റെ കറുപ്പ് നിറം പടര്ന്നു. കശുവണ്ടിത്തോടിനകത്തെ വെളുത്ത രുചിയുള്ള കശുവണ്ടികള്. ജീവിതവും ഒരു തരത്തില് അതുപോലെയല്ലേ എന്നവന് ഈയിടെയായി ചിന്തിക്കാന് തുടങ്ങിയിരിക്കുന്നു.
കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗക്കളത്തിനിടയിലൂടെയുള്ള ഒരു യാത്ര. അതാണ് ശരിക്കും ജീവിതം എന്നവന് തോന്നി. ഏതു കളത്തിലൂടെയാണ് മുന്പോട്ടു സഞ്ചരിക്കേണ്ടതെന്ന് അറിയാതെ നട്ടം തിരിയുന്ന അവസ്ഥ.
കട്ടന് കാപ്പിയോടൊപ്പം കശുവണ്ടി വറുത്തതും അമ്മ അവര്ക്കു കൊടുത്തു. ചേച്ചിമാര് കറുത്ത കരിമ്പടം പോലിരിക്കുന്ന പുതപ്പുകള് വാരിചുറ്റി അടുപ്പിനു ചുറ്റിനും വന്നിരുന്നു. അവര് തണുപ്പുകൊണ്ട് വിറക്കുന്നുണ്ടായിരുന്നു.
മഴ തകര്ത്തു പെയ്യുകയാണ്. ഇടയ്ക്കെപ്പോഴോഅടുക്കളയുടെ മണ് തറയിലെ ഒരു കോണില് നിന്നും ഉറവ പൊട്ടിയൊലിച്ചു. ഭൂമിയുടെ അടിത്തട്ടില്നിന്നുമുള്ള ഉറവ. അത് പടരാന് തുടങ്ങി.
അമ്മ തവി വെച്ച് ചെറിയ അലുമിനിയം പാത്രത്തില് അത് കോരിയെടുക്കാന് തുടങ്ങി. ഒരു കലമായി, അത് അമ്മ, കട്ടികുറഞ്ഞ വീഞ്ഞപ്പെട്ടിപ്പലക കൊണ്ടുണ്ടാക്കിയ കതകു തുറന്നു പുറത്തേയ്ക്ക് കളഞ്ഞു.
രണ്ടു ...മൂന്ന്... കലങ്ങള് നിറഞ്ഞു കൊണ്ടിരുന്നു. പുത്തനുറവകള് രൂപം കൊണ്ട് കഴിഞ്ഞിരിക്കുന്നു. ഉറവകള്ക്ക് കനം വച്ച് തുടങ്ങി. മറ്റു കലങ്ങള് നിറഞ്ഞു തുടങ്ങിയിരുന്നു. പുറത്തു മഴ തകര്ത്തു പെയ്യുകയാണ്, വാശിയോടെ... ഇടയ്ക്കു തല തല്ലിക്കരയുന്ന കാറ്റും....
തേകി നിറക്കലുകള്. അത് മൂത്തേച്ചി ഏറ്റെടുത്തു. കയ്യില് തവി വേറൊരു കലം. ""മഴ തോരണെ''- എന്ന് അമ്മ മുട്ടിപ്പായി പ്രാർഥിക്കുന്നതവന് കണ്ടു. മഴ കുറയുന്നില്ല, എന്ന് മാത്രവുമല്ല. പിന്നെയും ശക്തി കൂടിയും വരുന്നു.
അരി മേടിക്കാന് പോയ അമ്മാവനെയും കാണുന്നില്ല. അമ്മ ഇടയ്ക്കിടെ പുറത്തേക്കു നോക്കുന്നുണ്ട് ""അവന് ഇപ്പൊ എത്തിക്കോളും' അച്ഛന് വളരെ സാവധാനത്തില് ഒരു ആശങ്കയുമില്ലാതെ പറഞ്ഞു.
അമ്മയില് ഒരാധി അവന് ദര്ശിച്ചു. ""ദൈവമേ തോട് നിറഞ്ഞു കാണും....''- വീണ്ടും അമ്മ
ചെറിയ ഒരു മഴ പെയ്താല് പോലും തോട് നിറഞ്ഞു കവിയുമായിരുന്നു. ഇതെത്ര ദിവസമായ മഴയാണ് . പുറത്തേക്കിറങ്ങാന്കൂടി കഴിയുന്നില്ല അരിയും കുറച്ചു സാധങ്ങളും കടം മേടിക്കാന് ഒടുവില് അമ്മാവന് ഇറങ്ങിതിരിച്ചതാണ്.
അച്ഛന് കൈയില് കെട്ടിയിരുന്ന പഴയ "എച്ച്എം ടി' വാച്ചു പരിശോധിക്കുന്നു. അതില് ഒരു സൂചിയെ ഉണ്ടായിരുന്നുള്ളു. അത് നോക്കി അച്ഛന് സമയം പറഞ്ഞു. സമയം പോകുന്നത് പോലും അറിയുന്നുമുണ്ടായിരുന്നില്ല. അമ്മ റേഡിയോ ഓണ് ചെയ്യാന് ശ്രമിച്ചു. പഴയ ബാറ്റെറിയായിരുന്നു ആ റേഡിയോയില് ഉണ്ടായിരുന്നത്.
തണുത്തു മരവിച്ച റേഡിയോയില് നിന്നും അനക്കമൊന്നുമില്ല. അത് ചത്തിരുന്നു. അമ്മ റേഡിയോ അടുപ്പിനരികെക്കൊണ്ടു വച്ചു. റേഡിയോ ചൂട് പിടിച്ചു തുടങ്ങി. അല്പ്പം കഴിഞ്ഞപ്പോള് റേഡിയോ വിറയാര്ന്ന സ്വരത്തില് ചുമക്കാനും പൊട്ടനും ചീറ്റാനും ഒക്കെ തുടങ്ങി. റേഡിയോയ്ക്ക് ജീവന് വച്ച് തുടങ്ങിയിരിക്കുന്നു.
ചത്ത റേഡിയോ അടുപ്പിനരികെ ചൂട് പിടിപ്പിച്ചാല് ജീവന് വെക്കുമെന്നുള്ള സത്യം അവന് ആദ്യമായി മനസിലാവുകയായിരുന്നു. റേഡിയോയിലെ പ്രതാപന് വൈകിട്ടത്തെ വാര്ത്ത വായിക്കുന്നു. ഇരമ്പലോടെ... ഇടയ്ക്കു റേഡിയോ ശബ്ദം കാറ്റു പിടിച്ചെങ്ങോട്ടോ കൊണ്ട് പോകുന്നു. കറങ്ങി തിരിഞ്ഞു വരുന്നതിനിടയ്ക്ക് അല്പ്പം കേള്ക്കാം.
അവ്യക്തത കൂടുതല്..... അപ്പോള് കേട്ടു... കാലാവസ്ഥാ പ്രവചനവും.... മീന് പിടുത്തക്കാര് കടലില് പോകരുതെന്ന്.... "കടയില് പോകാന് പറ്റുന്നില്ല ...പിന്നല്ലേ കടലില്.'- ജയാദേവന് ഓര്ത്തു. അല്പ്പം മഴ ശമിച്ചു കഴിഞ്ഞപ്പോള് കതകു തുറന്നു അമ്മ പുറത്തേക്കുനോക്കി... പുറത്ത് ഇരുട്ട് പരന്നിരുന്നു....
തോട് മുറിച്ചു കടന്നാലും ഇടവഴിയിലൂടെ കുറ്റാക്കുറ്റിരുട്ടത്ത് അമ്മാവന് എങ്ങനെ എത്തും. പഴയ കുട എടുത്തിട്ടുണ്ടായിരുന്നു എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അച്ഛന് പ്ളാസ്റ്റിക് കവര് തലേല് കൂടി ഇട്ടു. പിന്നെ മങ്ങിയ പ്രകാശമുള്ള ഡബിള് ബാറ്ററി ടോര്ച്ചുമായി മുറ്റത്തിറങ്ങി നീട്ടി കൂകി വിളിച്ചു.
ആ കൂവല് അമ്മാവനുള്ളതാണ്. അത് കേട്ടു കഴിഞ്ഞാല് അമ്മാവന് സമീപത്തെവിടെകിലുമുണ്ടെങ്കില് തിരികെ കൂവും. അപ്പോള് പിന്നെ അന്വേഷിച്ചു പോകേണ്ട കാര്യമില്ല. പക്ഷെ, അച്ഛന്റെ കൂവല് തന്നെ അടുത്ത മലയില് തട്ടി തിരികെ പ്രതിധ്വനിച്ചു.
അമ്മയുടെ മുഖം വാടി... അച്ഛന് രണ്ടു തവണ കൂടി കൂവി.... പ്രകമ്പങ്ങള് മാത്രം.... പിന്നെ കനത്ത ഇരുട്ടിലേക്ക് അച്ഛന് ഇറങ്ങി ... പിന്നെ നടന്നകന്നു.... പെട്ടെന്നെന്തോ വലിയ ശബ്ദം... തറ ഇളകുന്നതുപോലെ .... ഭൂമി കുലുക്കമോ...? അകലെയെവിക്കെയോ നിന്ന് ആരുടെയൊക്കെയോ കൂവലുകള് .... ഇരമ്പങ്ങള്
വീടിന്റെ ഒരു വശത്തുകൂടി മലയില് നിന്നും ഒഴുകിയിറങ്ങി വന്ന മഴവെള്ളം ഇരമ്പിയാര്ത്ത് അച്ഛന് പോയ വഴിയേ കല്ലും മണ്ണുമായി കടന്നു പോയി. ജയദേവന് അച്ഛന് പോയ ഭാഗത്തേക്ക് ഒരാവേശത്തില് ഇരുട്ടിനെ കീറി മുറിച്ചു കുതിച്ചു പാഞ്ഞു.
തൊട്ടടുത്ത നിമിഷത്തില് പിന്നില് നിന്നിരുന്ന വീട്, ആരവത്തോടെ അലമുറയിട്ടുവരുന്ന ഇരുണ്ട ഉരുളിന്റെ കരാള ഹസ്തങ്ങള് കവര്ന്നെടുത്തു. തന്റെ അരികിലൂടെ പാഞ്ഞു പോകുന്നതു ഒരു മിന്നലിന്റെ അല്പം നിമിഷത്തെ വെളിച്ചത്തില് അവനറിഞ്ഞു. അവന്റെ തൊണ്ടയില് ആര്ത്തനാദം കുരുങ്ങി
. ചെളിയും മണ്ണും അവന്റെ മേല് ശക്തിയായി തെറിച്ചു വീഴുന്നുണ്ടായിരുന്നു.
വഴിയിലെ അഴുക്കലില് അവന് തെന്നി വീണു. മഴ വീണ്ടും ശക്തമായി. ഒരു കൊള്ളിയാന് മിന്നിമറഞ്ഞു. വെളിച്ചത്തില് അവന് കൃത്യമായിഅത് കണ്ടു. ചെളിവെള്ളത്തില് അച്ഛന് കെട്ടിയിരുന്ന "ഒറ്റ സൂചിയിലോടുന്ന വാച്ച്'...
ഹൃദയാഴങ്ങളില് നിന്നും തികട്ടി വന്ന വേദന തൊണ്ടക്കുഴിയില് കുരുങ്ങി ശ്വാസം മുട്ടി. അവന് ഉച്ചത്തില് നിലവിളിച്ചു
..........................
ജയദേവന് പാട്പെട്ട് കണ്ണുകള് വലിച്ചു തുറന്നു. തന്നെ തലോടിയുറക്കിയ അമ്മയുടെ കൈകള് തിരഞ്ഞു. തികഞ്ഞ നിശബ്ദതയില് വൈദ്യുത വിളക്കിന്റെ പ്രകാശം മാത്രം. ആ വീടിന്റെ വലിയ വരാന്തയില് നിന്നും അവന് പതിയെ എഴുന്നേറ്റു.
പിന്നെ അകത്തേക്ക്. ചുവരില് ചില്ലിട്ടു വച്ചിരിക്കുന്ന അമ്മയുടെ ഛായാ ചിത്രത്തില് ഇട്ടിരുന്ന പൂമാല കരിഞ്ഞിരിക്കുന്നു...! വലിയ തടി അലമാരയിലെ വലിപ്പ് തുറന്നു അതിനുള്ളില് സൂക്ഷിച്ചിരുന്ന ചെറിയ പെട്ടിതുറന്നു.
അതിനുള്ളില് വിലപ്പെട്ട ആ സാധനം ഭദ്രമായപ്പോഴും ഉണ്ടായിരുന്നു. അതയാള് നെഞ്ചോട് ചേര്ത്തു, അച്ഛന് കയ്യില് കെട്ടിയിരുന്ന ആ പഴയ പഴയ തുരുമ്പെടുത്ത "ഒറ്റ സൂചിയുള്ള വാച്ച്'...!